c

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ മെഡിക്കൽ വിദ്യാർത്ഥി എടത്വ പള്ളിച്ചിറയിൽ ആൽവിൻ ജോർജിന് (20) കണ്ണീരോടെ വിടയേകി നാട്. സംസ്കാര ശുശ്രൂഷയ്ക്കായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് തലവടിയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ മന്ത്രി സജി ചെറിയാനുൾപ്പെടെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. ഇന്നലെ രാവിലെ പത്തേമുക്കാലോടെ വീട്ടിൽ നിന്ന് വിലാപയാത്രയായി ഭൗതികദേഹം ആൽവിൻ പ്ലസ് ടുവിന് പഠിച്ച എടത്വാ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലും തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുന്ന എടത്വാ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലുമെത്തിച്ചു.

മൃതദേഹത്തിന് സമീപം ആൽവിന്റെ വെള്ളക്കോട്ടും കൈയ്യിലേന്തി ഏങ്ങിക്കരയാൻപോലും കെൽപ്പില്ലാതെ നിന്ന അമ്മ മീനയും ജ്യേഷ്ഠന്റെ ചേതനയറ്റ ശരീരം കാണാനാകാതെ തളർന്നുപോയ പ്ളസ് വൺ വിദ്യാർത്ഥി കെൽവിൻ ജോർജും പിതാവ് കൊച്ചുമോൻ ജോർജും സങ്കടക്കാഴ്ചയായി. വണ്ടാനം മെഡിക്കൽ കോളേജിലെ അദ്ധ്യാപകരും സഹപാഠികളും സംസ്കാരചടങ്ങിൽ പങ്കെടുത്തു.


'അസ്തമിക്കാത്ത സൂര്യൻ'

ആൽവിന്റെ സംസ്കാര ചടങ്ങിനിടെ അമ്മ മീന കൊച്ചുമോൻ നടത്തിയ വൈകാരിക പ്രസംഗം നാടിന് നൊമ്പരമായി. 'എന്റെ കുഞ്ഞ് എനിക്ക് വലിയ മാർഗദർശിയായിരുന്നു. അവൻ എന്നെ ഒരുപാട് പഠിപ്പിച്ചു. ആനയ്ക്ക് നെറ്റിപ്പട്ടം കിട്ടിയതുപോലെ സ്വകാര്യഅഹങ്കാരമായി ഞാൻ അവന്റെ കഴിവുകൾ മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ,മറ്റുള്ളവർ അത് അറിയേണ്ട എന്നാണ് അവൻ പറയുന്നത്. പക്ഷേ ഒരമ്മ എന്ന നിലയിൽ ഞാൻ അഭിമാനിച്ചു. എന്റെ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടപ്പോൾ,അവന്റെ ബാച്ചിലെ കുട്ടികളാണ് സാന്ത്വനം നൽകിയത്. ഇപ്പോൾ അവർ എല്ലാ എന്റെ മക്കളാണ്. എന്റെ മകൻ അസ്തമിക്കാത്ത സൂര്യനായി പ്രകാശം തന്നുകൊണ്ടിരിക്കും".