ചേർത്തല: സൽസ്‌നേഹ ഭവൻ ചാരിറ്റബിൾ സൊസൈറ്റി 22ന് വാരനാട് അഖിലാഞ്ജലി ഓഡിറ്റോറിയത്തിൽ 35 പേരുടെ സമൂഹവിവാഹം നടത്തും. സമൂഹ വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായും ജാതി മത ഭേദമന്യെ, നിർദ്ധനരും നിരാലംബരുമായവരുടെ വിവാഹമാണ് സംഘടിപ്പിക്കുന്നതെന്നും സൊസൈറ്റി രക്ഷാധികാരി ഡോ.അഡ്വ.ബിജു കൈപ്പാറേഡൻ, പ്രസിഡന്റ് എ.ആർ.ബാബു, മറ്റ് ഭാരവാഹികളായ കെ.അനിരുദ്ധൻ,സുരേഷ്ബാബു,സനിത സജി, അപർണ്ണ ഷൈൻകുമാർ,ടി.ജി.ജയകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 22 ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ദീപം തെളിക്കും.മന്ത്രി സജി ചെറിയാൻ സമൂഹ വിവാഹം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും.കെ.സി. വേണുഗോപാൽ എം.പി. മുഖ്യപ്രഭാഷണം നടത്തും.രമേശ് ചെന്നിത്തല എം.എൽ.എ.നവദമ്പതികൾക്ക് താലി കൈമാറും. വിവാഹ രജിസ്‌ട്രേഷന് ശേഷം മതപണ്ഡിതൻമാരുടെ അനുഗ്രഹപ്രഭാഷണവും വിവാഹ സൽക്കാരവുമുണ്ടാകും.