ആലപ്പുഴ : ദേശീയപാതയിൽ കളർകോടുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണമടഞ്ഞ മെഡിക്കൽ വിദ്യാർത്ഥി എടത്വ പള്ളിച്ചിറയിൽ കൊച്ചുമോൻ ജോർജ്ജിന്റെ മകൻ ആൽവിൻ ജോർജിന് (20) കണ്ണീരോടെ വിടയേകി നാട്.
സംസ്കാരശുശ്രൂഷയ്ക്കായി ഞായറാഴ്ച ഉച്ചകഴിഞ്ഞ് തലവടി പഞ്ചായത്ത് എട്ടാംവാർഡിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ മന്ത്രി സജി ചെറിയാനുൾപ്പെടെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. ഇന്നലെ രാവിലെ പത്തേമുക്കാലോടെ വീട്ടിൽ നിന്ന് പ്രത്യേക ആംബുലൻസിൽ വിലാപയാത്രയായി ഭൗതികദേഹം ആൽവിൻ പ്ലസ് ടുവിന് പഠിച്ച എടത്വാ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലും തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുന്ന എടത്വാ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലുമെത്തിച്ചു. സ്കൂളിലേക്കുള്ള വിലാപയാത്രയിൽ വാഹനങ്ങളിലും കാൽനടയായും നാടൊന്നാകെ അനുഗമിച്ചു.
സ്കൂളിൽ നിന്നും ഉച്ചയോടെ സെന്റ് ജോർജ് ഫെറോന പള്ളി വളപ്പിലെത്തിച്ചപ്പോഴും ആൽവിനെ ഒരുനോക്ക് കാണാൻ അനിയന്ത്രിതമായ തിരക്കാണനുഭവപ്പെട്ടത്. മൃതദേഹത്തിന് സമീപം ആൽവിന്റെ വെള്ളക്കോട്ടും കൈയ്യിലേന്തി ഏങ്ങിക്കരയാൻപോലും കെൽപ്പില്ലാതെ നിന്ന അമ്മ മീനയും ജ്യേഷ്ഠന്റെ ചേതനയറ്റ ശരീരം കാണാനാകാതെ തളർന്നുപോയ പ്ളസ് വൺ വിദ്യാർത്ഥി കെൽവിൻ ജോർജും പിതാവ് കൊച്ചുമോൻ ജോർജും സങ്കടക്കാഴ്ചയായി. വണ്ടാനം മെഡിക്കൽ കോളേജിലെ അദ്ധ്യാപകരും സഹപാഠികളും സംസ്കാരചടങ്ങിൽ പങ്കെടുത്തു. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിന് സമീപത്ത് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആറു പേരാണ് മരിച്ചത്.