
മാന്നാർ: തകർന്നുകിടക്കുന്ന പാവുക്കര മൂർത്തിട്ട മുക്കാത്താരി റോഡിന്റെ നിർമ്മാണം ഏറ്റെടുക്കുന്നതിനു മുമ്പായി സ്ഥലം സന്ദർശിച്ച് വിലയിരുത്തൽ നടത്തുന്നതിനായി ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികൾ എത്തി. ആദ്യംകരാർ ഏറ്റെടുത്ത കമ്പനി കൈയൊഴിഞ്ഞതിനെത്തുടർന്ന് അനിശ്ചിതത്വത്തിലായ മൂർത്തിട്ട മുക്കാത്താരി റോഡിന്റെ നിർമ്മാണത്തിനായി മന്ത്രി സജി ചെറിയാൻ നടത്തിയ ശ്രമങ്ങളുടെ ഫലമായിട്ടാണ് കരാർ ഏറ്റെടുക്കാൻ ഊരാളുങ്കൽ സൊസൈറ്റി മുന്നോട്ട് വന്നത്. സർക്കാർ നൽകിയ രൂപരേഖയും എസ്റ്റിമേറ്റും പരിശോധിച്ച് വിലയിരുത്തുന്നതിനായി ഇന്നലെ ഉച്ചയോടെയാണ് സൊസൈറ്റി പ്രതിനിധികൾ സ്ഥലം സന്ദർശിച്ചത്.
മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്നകുമാരി, സ്ഥിരംസമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം,സുജാത മനോഹരൻ, സലിം പടിപ്പുരക്കൽ, സജു തോമസ്, സി.പി.എം എൽ.സി സെക്രട്ടറി ഷാജി മാനാംപടവിൽ, എൽ.സി അംഗവും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ മുഹമ്മദ് അജിത്ത്, ബ്രാഞ്ച് സെക്രട്ടറി സി.എം ജബ്ബാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
മാന്നാർ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറൻമേഖലയിലെ 1,2,3,4 വാർഡുകളിലൂടെ, പാടശേഖരത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന മൂന്നുമീറ്റർ മാത്രം വീതിയുള്ള ബണ്ട് റോഡിലൂടെ കാൽനടയാത്രപോലും ദുസ്സഹമാണ്.
രൂപരേഖകൾ പരിശോധിച്ചു
 റോഡുമായി ബന്ധപ്പെട്ട് നിർമ്മിക്കേണ്ട പാലങ്ങൾ, കലുങ്കുകൾ തുടങ്ങിയവയുടെ രൂപരേഖകൾ പരിശോധിച്ചു
 എത്രയും വേഗം പണി തുടങ്ങുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് സൊസൈറ്റി പ്രതിനിധികൾ
 നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ സാധനസാമഗ്രികൾ സൂക്ഷിക്കുന്നതിന് പ്രദേശവാസികളുടെ സഹകരണം അഭ്യർത്ഥിച്ചു
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന് അനുവദിച്ചത്
₹15കോടി
നിർമ്മാണോദ്ഘാടനം നടന്നത്
കഴിഞ്ഞ മാർച്ച് 12ന്