ആലപ്പുഴ : ഏഴുവർഷമായി വേതനം വർദ്ധിപ്പിക്കാത്തത് റേഷൻ വ്യാപാരികൾക്കും തൊഴിലാളികൾക്കും തിരിച്ചടിയാകുന്നു. 2018ൽ കമ്മീഷൻ പുനഃക്രമീകരിച്ചപ്പോൾ ഒരുവർഷത്തിനുള്ളിൽ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

45ക്വിന്റലിന് താഴെ വിറ്റുവരവുള്ള കടകൾക്ക് 8000രൂപയും 100ക്വിന്റൽ വില്പനയുള്ള കടകൾക്ക് 27,900രൂപയുമാണ് നിലവിൽ കമ്മീഷനായി ലൈസൻസികൾക്ക് ലഭിക്കുന്നത്. സെയിൽസ്മാന്റെ വേതനം, കടവാടക, വൈദ്യുതി ചാർജ് എന്നിവ ഇതിൽ നിന്ന് വേണം നൽകാൻ. വാടകയായി 2000 മുതൽ 7000 രൂപവരെ നൽകേണ്ടിവരും. സെയിൽസ്മാന് ചെറിയകടകളിൽ 400രൂപയും വലിയ കടകളിൽ 6000 രൂപയുമാണ് മാസവേതനം. കമ്മിഷൻ യഥാസമയം വ്യാപാരികൾക്ക് ലഭിച്ചില്ലെങ്കിൽ ലൈസൻസിയും സെയിൽസ്മാൻമാരും പ്രതിസന്ധിയിലാകും.പൊതുവിഭാഗം കാർഡുടമകളുടെ ഭക്ഷ്യവിഹിതം കുറയുമ്പോൾ വ്യാപാരികളുടെ വേതനത്തിൽ കുറവ് വരും.

അവസാനം വർദ്ധിപ്പിച്ചത് 2018ൽ

 ലൈസൻസികളുടെ കമ്മിഷൻ അവസാനം വർദ്ധിപ്പിച്ചത് 2018ൽ

 നിലവിലുള്ള കമ്മിഷൻ തന്നെ കൃത്യമായി കിട്ടാത്തത് തിരിച്ചടി

 ഒക്ടോബർ, നവംബർ മാസങ്ങളിലെ കമ്മിഷൻ ഇതുവരെ കിട്ടിയിട്ടില്ല

 ഇതോടെ ലൈസൻസികളും സെയിൽസ്‌മാൻമാരും പ്രതിസന്ധിയിലായി

ജില്ലയിൽ റേഷൻകടകൾ : 1240

ലൈസൻസി ഉൾപ്പെടെ ജീവനക്കാർ : 3,720

രണ്ട് മാസത്തെ കമ്മീഷൻ തുക ലഭിക്കാത്തതിനാൽ റേഷൻ വ്യാപാരികൾ വലിയ പ്രതിസന്ധി നേരിടുകയാണ്. വിഷയത്തിൽ സർക്കാർ അടിയന്തര പരിഹാരം കാണണം. കാർഡ് ഉടമകളെ തടഞ്ഞു നിർത്തിയുള്ള പരിശോധന ഉത്തരവ് പിൻവലിക്കണം

- എൻ.ഷിജീർ, സംസ്ഥാന സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ