അമ്പലപ്പുഴ : പാഡി റെസീപ്റ്റ് ഷീറ്റ് (പി.ആർ.എസ് ) എഴുതി രണ്ടുമാസം കഴിഞ്ഞിട്ടും നെല്ലിന്റെ പണം ലഭിക്കാതെ ദുരിതത്തിലായി കർഷകർ. പുന്നപ്ര തെക്ക് കൃഷിഭവന് കീഴിലെ പര്യക്കാടൻ പാടശേഖരത്തെ കർഷകരാണ് കൊടുത്ത നെല്ലിന്റെ പണം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ഒക്ടോബർ 2ന് പാടശേഖരത്തെ കൊയ്തു കഴിഞ്ഞു. 14 ന് പി.ആർ.എസും ലഭിച്ചു. .രണ്ടു മാസമായിട്ടും ബാങ്കുകളിൽ പണം വരാതായതോടെ പലിശക്കെടുത്തും സ്വർണം പണയം വെച്ചും കൃഷി ചെയ്ത കർഷകർ കടക്കെണിയിലായി.
പണം കിട്ടാതെ വന്നതോടെ രാജേന്ദ്രൻ എന്ന കർഷകൻ ബാങ്കിൽ ലോണിനായി ചെന്നെങ്കിലും സിബിൽ സ്കോർ കുറവായതിനാൽ ലഭിച്ചില്ല. താൻ ഒരു ബാങ്കിൽ നിന്നും ലോണെടുത്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും ബാങ്ക് അധികൃതർ സമ്മതിച്ചില്ല. ഒടുവിൽ തനിക്ക് അക്കൗണ്ടുള്ള പറവൂരിലെ കാനറ ബാങ്കിൽ ചെന്നപ്പോഴാണ് തൊട്ടുമുമ്പത്തെ കൃഷിയിലെ നെല്ലിന്റെ വില തന്നത് ലോണായിട്ടാണെന്നും സർക്കാർ ആ പണം തിരികെ നൽകിയില്ലെന്നും അറിഞ്ഞത്.
64 കർഷകർ ദുരിതത്തിൽ
 90ഏക്കറുള്ള പാടശേഖരത്ത് 64 ചെറുകിട കർഷകരാണുള്ളത്
 ഇവരിൽ ഒരാൾക്ക് പോലും നെല്ലിന്റെ വില ലഭിച്ചിട്ടില്ല
 ദിവസേന ബാങ്കുകളിൽ പോയി വെറും കൈയോടെ മടങ്ങുകയാണ് കർഷകർ
 ഏക്കറിന് 40,000 രൂപ ചെലവഴിച്ചാണ് ഇവർ കൃഷിയിറക്കിയത്.
കൊയ്തു കഴിഞ്ഞ് പണം മടക്കി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പലരിൽ നിന്നും പണം കടം വാങ്ങിയത്
- കർഷകർ