photo

ആലപ്പുഴ: ഒ‌രുമാസത്തിന് ശേഷം ഇന്നലെ മുതൽ മുഹമ്മ - കുമരകം റൂട്ടിൽ ജലഗതാഗത വകുപ്പിന്റെ രണ്ട് ബോട്ടുകളും സർവീസ് ആരംഭിച്ചത് യാത്രക്കാർക്ക് ആശ്വാസമായി. രാവിലെ 5.45ന് മുഹമ്മയിൽ നിന്നും രാവിലെ 6.30ന് കുമരകത്ത് നിന്നും സർവീസ് ആരംഭിച്ച് രാത്രി 9ന് സമാപിക്കുന്നതാണ് സർവീസുകൾ. പ്രതിദിനം രണ്ട് ബോട്ടുകളിലായി 32സർവീസുകളാണ് നടത്തുന്നത്.

യന്ത്രത്തകരാറിനെ തുടർന്ന് ഒരുമാസം മുമ്പാണ് എസ് 52 എന്ന യാത്രാബോട്ട് യാർഡിൽ കയറ്റിയത്. അടിക്കടിയുണ്ടാകുന്ന യന്ത്ര തകരാർ ഒഴിവാക്കാൻ പുതിയ യന്ത്രം ഘടിപ്പിക്കുകയായിരുന്നു. ഒപ്പം പെയിന്റിംഗ് ജോലികളും നടത്തിയാണ് ഇന്നലെ സർവീസ് ആരംഭിച്ചത്. ബോട്ട് യാർഡിൽ കയറ്റിയതിനാൽ സർവീസ് ഒരു ബോട്ടിൽ മാത്രമായി ഒതുങ്ങുകയും യാത്രക്കാർ പെരുവഴിയിലാകുകയും ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ സർക്കാർ, സ്വകാര്യമേഖലയിലെ ജീവനക്കാർ, വിദ്യാർത്ഥികൾ, കാർഷിക മേഖലയിലെ തൊഴിലാളികൾ തുടങ്ങിയവരുടെ പ്രധാന ആശ്രയമാണ് മുഹമ്മ - കുമരകം ബോട്ട് സർവീസ്.

സർവീസിന് രണ്ട് ബോട്ടുകൾ

 എസ് 52, എസ് 55 എന്നീ യാത്രാ ബോട്ടുകളാണ് സർവീസ് നടത്തുന്നത്

 യാത്രക്കാർക്കൊപ്പം വാഹനങ്ങളും കൊണ്ടുപോകാൻ സൗകര്യമുള്ള സർവീസുകളാണിത്

 പ്രതിദിനം നൂറുകണക്കിന് പേരാണ് സർവീസിനെ ആശ്രയിക്കുന്നത്

പ്രതിദിന സർവീസുകൾ

32

ആദ്യസർവീസ്

മുഹമ്മയിൽനിന്ന് : രാവിലെ 5.45ന്

കുമരകത്ത് നിന്ന് : രാവിലെ 6.30ന്

"ഇന്നലെ മുതൽ രണ്ട് ബോട്ടുകളും സർവീസ് ആരംഭിച്ചു. 45മിനിറ്റ് ഇടവിട്ടുള്ള 32സർവീസുകളാണ് നടത്തുന്നത്.

ഷാനവാസ് ഖാൻ, സ്റ്റേഷൻ മാസ്റ്റർ, മുഹമ്മ