ആലപ്പുഴ: കടപ്പുറം വനിതാ, ശിശു ആശുപത്രിയെ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങൾ വേട്ടയാടുമ്പോൾ ആശങ്കയിലാകുന്നത് ഗർഭിണികളും കുടുംബങ്ങളുമാണ്. ഒരുമാസം ശരാശരി ഇരുന്നൂറോളം പ്രസവങ്ങൾ നടക്കുന്ന ആശുപത്രിയാണിത്. എന്നാൽ, നിരവധി പരാതികൾ ഉയർന്നതോടെ സാമ്പത്തിക ശേഷിയുള്ളവർ സ്വകാര്യ ആശുപത്രികൾ തേടിപ്പോകുകയാണ്. ഒരേ ഡോക്ടറുടെ പേരിൽ നിരവധി പരാതികൾ ഉയർന്നിട്ടും ആശുപത്രി അധികൃതർ നടപടിയെടുക്കാത്തത് നാട്ടുകാരിൽ വൻ അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
നവജാതശിശു അപൂർവ വൈകല്യങ്ങളുമായി ജനിച്ച സംഭവത്തെ തുടർന്ന് ജനങ്ങൾക്കിടയിൽ ആശങ്ക വ്യാപകമായിട്ടുണ്ട്. ഇതിനിടെയാണ് പ്രസവത്തിന് വാക്വം ഉപയോഗിച്ചതിനെ തുടർന്ന് നവജാത ശിശുവിന്റെ കൈ തളർന്നെന്ന ഒന്നിലേറെ പരാതികൾ ഒരേ ഡോക്ടർക്കെതിരെ ഉയർന്നത്. പ്രസവത്തിനിടെ വാക്വം ഉപയോഗിച്ചതിനെ തുടർന്ന് നവജാത ശിശുവിന്റെ കൈ തളർന്നെന്ന ഏറ്റവും പുതിയ പരാതി കടപ്പുറം ആശുപത്രി സൂപ്രണ്ടിന് കുടുംബം കൈമാറി.തെക്കനാര്യാട് ആവലൂക്കുന്ന് പുത്തൻപുരയ്ക്കൽ ആഘേഷ് - രമ്യ ദമ്പതികൾ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതികൾ സമർപ്പിച്ചിരുന്നു
ഗർഭിണികൾ ആശങ്കയിൽ
1. ആലപ്പുഴ നഗരം, കുട്ടനാട്, ആര്യാട് തുടങ്ങിയ പ്രദേശങ്ങളിലെ ഭൂരിഭാഗം ഗർഭിണികളും പ്രസവത്തിന് കടപ്പുറം വനിതാ, ശിശു ആശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്
2. പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബഹുനില മന്ദിരം ആലപ്പുഴ ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമായെങ്കിലും, ഇവിടെയും ഗൈനക്കോളജി വിഭാഗം ആരംഭിച്ചിട്ടില്ല
3. പ്രസവശേഷം കുഞ്ഞിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അമ്മയെ കടപ്പുറം ആശുപത്രിയിൽ നിലനിർത്തി കുട്ടിയെ വണ്ടാനത്തേക്ക് മാറ്റുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് ഗർഭിണികളും ബന്ധുക്കളും പറയുന്നു
ഒരുമാസം കടപ്പുറം ആശുപത്രിയിൽ നടന്നിരുന്ന പ്രസവങ്ങൾ (ശരാശരി)
200
അടിയന്തര സേവനം ലഭിക്കാത്തതിനാൽ രോഗികൾക്ക് വേണ്ടി ഇടപെടേണ്ടി വന്നിട്ടുണ്ട്. സാധാരണക്കാർക്ക് ജനപ്രതിനിധികളെ വിളിച്ചാലേ സേവനം ലഭിക്കൂ എന്ന അവസ്ഥയുണ്ടാകരുത്. കളക്ടറുടെ സാന്നിദ്ധ്യത്തിൽ ആശുപത്രി അധികൃതരെ ഇത്തരം വിഷയങ്ങൾ അറിയിച്ചിട്ടുണ്ട്
- കെ.കെ.ജയമ്മ, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ