ആലപ്പുഴ : 15 സി.പി.എം ഏരിയാകമ്മിറ്റികളിൽ കായംകുളമൊഴികെയുള്ളയിടങ്ങളിൽ സമ്മേളനങ്ങൾ പൂർത്തിയായതോടെ ജില്ലയിൽ സജി ചെറിയാൻ പക്ഷം വലിയ മേൽക്കൈ നേടി. ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിയുകയും പ്രാദേശിക നേതാക്കളുൾപ്പെടെ കൂടുവിട്ട് കൂടുമാറുകയും ചെയ്തതോടെ പഴയ വി.എസ് പക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിലുൾപ്പെടെ സജിചെറിയാൻ പക്ഷം വേരുറപ്പിച്ചു. പ്രായപരിധിയെത്തുടർന്ന് ജി.സുധാകരൻ പ്രവർത്തനം ബ്രാഞ്ച് ഘടകത്തിലേക്ക് മാറ്റിയതും പാർട്ടിചുമതലകളും തിരഞ്ഞെടുപ്പ് മത്സരത്തിനുമുൾപ്പെടെ തോമസ് ഐസക്ക് ജില്ലയ്ക്ക് പുറത്തേക്ക് മാറുകയും ചെയ്തതോടെയാണ് പുതിയ സമവാക്യങ്ങൾ രൂപപ്പെട്ടത്.

ജില്ലാ സമ്മേളനം ജനുവരിയിൽ ഹരിപ്പാട് നടക്കാനിരിക്കെ നിലവിൽ ജില്ലയിലെ 12അംഗ സെക്രട്ടേറിയറ്റിലും 47അംഗ ജില്ലാ കമ്മിറ്റിയിലും സജി ചെറിയാനെ പിന്തുണയ്ക്കുന്നവരാണ് കൂടുതൽ. ഇതൊക്കെയാണെങ്കിലും കഴിഞ്ഞ രണ്ട് ടേമായി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ആർ.നാസറിന് സ്ഥാനമാറ്റം ഉണ്ടാകാൻ സാദ്ധ്യതയില്ല. ഒരു ടേം കൂടി നാസർ തുടർന്നേക്കും. ഈഴവ സമുദായത്തിന് നിർണായക സ്വാധീനമുള്ള ജില്ലയിൽ ആ സമുദായത്തിൽ നിന്നുള്ള നാസറിനെ മാറ്റാൻ നേതൃത്വം ധൈര്യപ്പെടാത്തതാണ് കാരണം. ഇക്കാരണത്താൽ നാസർ ഒരുടേം കൂടി തുടരുന്നതിനെ സജി ചെറിയാൻ വിഭാഗവും എതിർക്കാനിടയില്ല. മത്സരം ഒഴിവാക്കാനും ഇത് സഹായകമാകും.
ജില്ലയിൽ പാർട്ടിയുടെ അഞ്ച് എം.എൽ.എ മാരിൽ പുതുമുഖങ്ങളായ എം.എസ്. അരുൺകുമാർ, യു.പ്രതിഭ, ദലീമജോജോ എന്നിവ‌‌ർ നിലവിൽ ഒരുഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ല. എങ്കിലും പ്രബല പക്ഷത്തിനൊപ്പം നീങ്ങുകയാണ് ഇവരിൽ ചിലർ. പി.പി.ചിത്തര‌ഞ്ജനാകട്ടെ സജി ചെറിയാൻ പക്ഷത്തോട് ശക്തമായി എതിരിടുന്നുമില്ല. പോളിറ്റ് ബ്യൂറോഅംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് ജനുവരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ മേൽഘടകത്തിൽ നിന്ന് പങ്കെടുക്കുന്നത്.

കായംകുളം കലുഷിതമാകും

അവസാനം നടക്കുന്ന കായംകുളം ഏരിയാ സമ്മേളനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിഭാഗീയത കൊടികുത്തി വാഴുന്ന ഇവിടെ ശക്തമായ നിലപാടുകൾ നേതൃത്വത്തിന് സ്വീകരിക്കേണ്ടി വന്നേക്കും. ലോക്കൽ സമ്മേളനങ്ങളിലുൾപ്പടെ പ്രതിനിധികളുടെ ഇറങ്ങിപ്പോക്കും കടുത്ത വിമർശനങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് മുൻ ഏരിയ കമ്മിറ്റി അംഗം ബിപിൻ സി.ബാബു പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നതും. ശക്തികേന്ദ്രമായ പത്തിയൂർ പഞ്ചായത്തിലുൾപ്പടെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുചോർച്ചയ്ക്കും നേതൃത്വം മറുപടി പറയേണ്ടി വരും. ഇന്ന് മുതലാണ് ഏരിയാസമ്മേളനം.