
ആലപ്പുഴ: പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഒഴിവുകിഴിവുകൾ പറയാതെ ആത്മാർത്ഥ സേവനം നൽകുന്ന കെ.എസ്.ഇ.ബി ജീവനക്കാർക്ക് സ്നേഹ സമ്മാനം നൽകി ജനപ്രതിനിധി. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ പി.ജി.സുനിൽകുമാറാണ് സമയം നോക്കാതെ പണിയെടുക്കുന്നവർക്ക് ക്ലോക്ക് സമ്മാനിക്കാൻ പുതിയ കലവൂർ സെക്ഷൻ കെ.എസ്.ഇ.ബി ഓഫീസിലെത്തിയത്. പൊതുജനങ്ങൾക്ക് സാധാരണ പരാതി ഒഴിയാത്ത വിഭാഗമാണ് കെ.എസ്.ഇ.ബിയെങ്കിലും കലവൂർ സെക്ഷൻ പരാതി വിമുക്തമാണെന്ന് മെമ്പർ സുനിൽകുമാർ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്കുള്ള പ്രതീകാത്മക അംഗീകാരമായാണ് ഓഫീസിലേക്ക് ഘടികാരവുമായി എത്തിയത്.