2.53കോടി രൂപ കൈകളിലെത്തി
ആലപ്പുഴ: രണ്ടാം കൃഷിയുടെ നെല്ലുവിലയായി 2.53 കോടി രൂപ വിതരണം ചെയ്ത് സപ്ളൈകോ. കാനറാ ബാങ്കാണ് 228 കർഷകർക്ക് 893.754 ടൺ നെല്ലിന്റെ വിലയായി ഇത്രയും തുക ഇന്നലെ വരെ വിതരണം ചെയ്തത്. എന്നാൽ, എസ്.ബി.ഐ ജില്ലയിൽ ഇനിയും നെല്ലുവില വിതരണം ആരംഭിച്ചിട്ടില്ല.
രണ്ടാം കൃഷിയുടെ നെല്ലുസംഭരണം അവസാനിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും വില വിതരണം വൈകിയത് കർഷകരുടെ കടുത്ത പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം വില വിതരണം ആരംഭിച്ചത്.
രണ്ടാം കൃഷിയുടെ നെല്ല് സംഭരണം ആരംഭിച്ച സെപ്തംബർ മുതൽ ഇന്നലെ വരെ 3000 ടണ്ണോളം നെല്ലാണ് ജില്ലയിലെ വിവിധ താലൂക്കുകളിൽ നിന്നായി സപ്ളൈകോ സംഭരിച്ചത്. എസ്.ബി.ഐയിലാണ് കർഷകരിൽ അധികം പേർക്കും അക്കൗണ്ടെന്നിരിക്കെ ഇതു വഴിയുള്ള പണം വിതരണം വൈകുന്നത് കർഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. സപ്ളൈകോയിൽ നിന്ന് നെല്ല് സംഭരണത്തിന് കൈമാറുന്ന തുകയുടെ പരിധി കടന്നതിനാൽ കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് കൈമാറിയ 150 ഓളം കർഷകർക്ക് എസ്.ബി.ഐ പണം വിതരണം ചെയ്തിരുന്നില്ല.
നെല്ലുസംഭരണം
(താലൂക്ക്, ടൺ)
അമ്പലപ്പുഴ: 868.16
ചെങ്ങന്നൂർ: 1.06
കാർത്തികപ്പള്ളി:256. 36
കുട്ടനാട്: 1832.20
മാവേലിക്കര: 3.02
മുഴുവൻ കർഷകർക്കും രണ്ടാം കൃഷിയുടെ നെൽവില ഉടൻ വിതരണം ചെയ്യണം. വിത കൃഷിയുടെ ബാദ്ധ്യതയും വൃശ്ചിക വേലിയേറ്റവും കാരണം കുട്ടനാട്ടിലെ കർഷകരാകെ ദുരിതത്തിലാണ്
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി