ആലപ്പുഴ: തുറമുഖ വകുപ്പിന്റെ ഇൻലാൻഡ് വെസൽ നിയമം (ഐ.വി) കർശനമാക്കിയതോടെ ഹൗസ് ബോട്ട് മേഖലയിൽ പ്രതിഷേധം ഉയരുന്നു. പുതിയ നിയമ പ്രകാരം ലൈസൻസ് കിട്ടാൻ കമ്പടകൾ ഏറെയാണെന്നതും ഫീസ് കൂടുതലാണെന്നതുമാണ് പ്രതിഷേധത്തിന് പിന്നിൽ.
പരിശീലന കാലയളവ് കൂട്ടിയതിനൊപ്പം കനത്തഫീസാണ് ഈടാക്കുന്നത്. ലാസ്‌കർ ലൈസൻസിന് മാത്രം ഒടുക്കേണ്ടത് 75,000രൂപയാണ്. പിന്നാലെ ബോട്ടുകൾ ഓടിക്കാൻ കൊല്ലത്ത് മൂന്നര മാസത്തെ പരിശീനക്ലാസും പൂർത്തിയാക്കണം. സ്രാങ്ക് ലൈസൻസിനായി 8,000 രൂപയും നാലു ദിവസത്തെ പരിശീലനവും വേണം. പരിശീലനകാലയളവ് നീളുന്നതിനാൽ ലൈസൻസ് കിട്ടുന്നവരും മറ്റ് ജോലി തേടിപ്പോകുന്ന സ്ഥിതിയുണ്ട്. 2010ൽ കനാൽ നിയമം ഭേദഗതി വരുത്തിയാണ് ഐ.വി ഇൻലാൻഡ് വെസൽ നിയമം നടപ്പാക്കിയത്. തുടക്കത്തിൽ ജീവനക്കാർക്ക് ലൈസൻസും ട്രെയിനിംഗും സൗജന്യമായിട്ടാണ് സർക്കാർ നൽകിയിരുന്നത്.

തൊഴിൽ നഷ്ടപ്പെടുമെന്ന് തൊഴിലാളികൾ

 ഹൗസ്ബോട്ടുകൾ, ശിക്കാര, മോട്ടോർ ബോട്ടുകൾ എന്നിവയിലെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കും

 സ്രാങ്ക്, ലാസ്‌കർ ലൈസൻസ് ലഭിക്കാനുള്ള യോഗ്യത ഐ.ടി.ഐ മെക്കാനിക്കൽ ട്രേഡ് നിർബന്ധമാക്കി

 ഇതോടെ വർഷങ്ങളായി ഹൗസ് ബോട്ട് മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ജോലി ഇല്ലാതാകുന്ന സ്ഥിതിയാകും

 പോർട്ട് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തുന്ന പരിശോധനയിൽ തൊഴിലാളികൾക്ക് 10,000 രൂപയാണ് പിഴ ചുമത്തുന്നത്.

ആലപ്പുഴയിൽ

ഹൗസ്ബോട്ടുകൾ : 1200

ശിക്കാര വള്ളങ്ങൾ : 600

മോട്ടോർ ബോട്ടുകൾ : 300

ദിനംപ്രതി 950 രൂപ വേതനത്തിൽ ജോലിയെടുക്കുന്ന ഒരാൾക്ക് വലിയ തുക ചെലവഴിച്ച് ലൈസൻസ് എടുക്കുക ബുദ്ധിമുട്ടാണ്

- തൊഴിലാളികൾ