ചേർത്തല:കടക്കരപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ സി.പി.ഐ നേതൃത്വം നൽകിയ പാനലിനു വിജയം.സി.പി.എം ലോക്കൽ കമ്മിറ്റിയംഗം നേതൃത്വം നൽകിയ പാനലിനെയാണ് തോൽപ്പിച്ചത്. 2004ൽ രൂപീകൃതമായ സംഘത്തിൽ ആദ്യമായാണ് സി.പി.ഐ നേതൃത്വത്തിൽ ഭരണം പിടിക്കുന്നത്.കോൺഗ്രസ്–ജെ.എസ്.എസ് നേതൃത്വത്തിലായിരുന്നു സംഘത്തിന്റെ തുടക്കത്തിൽ ഭരണം.അവസാന ഘട്ടത്തിലും കോൺഗ്രസ് നേതൃത്വത്തിലായിരുന്നു ഭരണം.കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച എട്ടംഗ ഭരണസമിതിയിൽ ഏഴുപേർ സി.പി.ഐ നേതൃത്വം നൽകിയ പാനലിലുള്ളവരാണ്.ടി.കെ. ഷാജി,പുരുഷോത്തമക്കുറുപ്പ്,എ.അഖിൽ,ജ്യോതിലക്ഷ്മി,മിനി,സിനിമോൾ,ബേബി എന്നിവരും സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ടി.ടി.രമേശൻ അടക്കം നയിച്ച പാനലിൽ നിന്നും കനകമ്മ രമേശനുമാണ് വിജയിച്ചത്.
ഏതാനുംനാളുകളായി കടക്കരപ്പള്ളിയിൽ തുടരുന്ന സി.പി.എം - സി.പി.ഐ പോരിന്റെ തുടർച്ചയാണ് സംഘത്തിലെ മത്സരമെന്നാണ് വിവരം.
40 ഓളം അംഗങ്ങൾ മാത്രമുള്ള സംഘത്തിൽ നടന്നതു രാഷ്ട്രീയ മത്സരമല്ലെന്നും തെറ്റായ പ്രചരണമാണു നടക്കുന്നതെന്നും സി.പി.എം കടക്കരപ്പള്ളി ലോക്കൽ സെക്രട്ടറി കെ.എസ്.സുധീഷ് പറഞ്ഞു.