ph

കായംകുളം/മുഹമ്മ : ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഇന്നലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ കായംകുളം പത്തിയൂർ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടിയപ്പോൾ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി.

പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 12 ാം വാർഡിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ദീപക് എരുവ 99 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ദീപക്കിന് 575 വോട്ടും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി സി.എസ്.ശിവശങ്കരപിള്ളയ്ക്ക് 476 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി ബിജു ആമ്പക്കാടിന് 391 വോട്ടും ലഭിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ഒന്നാമതെത്തിയ പഞ്ചായത്തിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തായി.

പഞ്ചായത്തംഗമായിരുന്ന ജയകുമാരി മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ജയകുമാരിയുടെ ഭർത്താവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ശിവശരപ്പിള്ള. കഴിഞ്ഞതവണ എൽ.ഡി.എഫിന് വേണ്ടി മത്സരിച്ച ജയകുമാരി 54 വോട്ടിനാണ് ജയിച്ചത്. പത്തിയൂർ പഞ്ചായത്തിൽ ആകെ 19 വാർഡുകളാണുള്ളത്.ദീപക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ എൽ.ഡി.എഫ് - 13, യു.ഡി.എഫ് - 2, എൻ.ഡി.എ - 4എന്നിങ്ങനെയായി കക്ഷിനില.

സി.പി.എം വിട്ട് ബി.ജെ.പിയിലെത്തിയ ബിപിൻ സി ബാബുവിന്റെ പഞ്ചായത്താണ് പത്തിയൂർ. ശോഭാ സുരേന്ദ്രൻ മുന്നിലെത്തിയിട്ടും ഇവിടെ ബി.ജെ.പി യ്ക്ക് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെക്കാൾ പത്ത് വോട്ടിന്റെ കുറവുണ്ടായി. ഇന്ന് സി.പി.എം കായംകുളം ഏരിയാ സമ്മേളനം തുടങ്ങാനിരിക്കെ സിറ്റിംഗ് സീറ്റ് നഷ്ടമായത് സി.പി.എമ്മിന് തലവേദനയാകും.

വളവനാട് ഡിവിഷനിൽ അരുൺദേവിന്റെ വിജയം 1911 വോട്ടിന്

വളവനാട് ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ അരുൺ ദേവ് യു.ഡി.എഫിലെ ഷൈൻ മങ്കടക്കാടിനെ 1911 വോട്ടിനാണ് പരാജയപ്പെടുത്തിയത് . ബി.ജെ.പി സ്‌ഥാനാർഥി ഡി.പ്രസാദിന് 648 വോട്ട് ലഭിച്ചു. സി.പി.എം അംഗമായിരുന്ന എം.രജീഷ് അപകടത്തിൽ മരണമടഞ്ഞതിനെ തുടർന്നുണ്ടായ ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ് . ആകെയുള്ള 10561 വോട്ടർമാരിൽ 6781 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എൽ.ഡി.എഫിന് 4022 വോട്ടും യു.ഡി.എഫിന് 2111 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ യു.ഡി.എഫിലെ ബി.എൻ. ജയചന്ദ്രനെ 2171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രജീഷ് പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്‌ഥാനാർഥിയായിരുന്ന പി.പ്രസാദിന് അന്ന് 1391 വോട്ട് ലഭിച്ചിരുന്നെങ്കിൽ ഇത്തവണ ബി.ജെ.പിയുടെ വോട്ട് പകുതിയിലേറെ കുറഞ്ഞു. ആകെ 13 ഡിവിഷനുകളുള്ള ബ്ലോക്കിൽ എൽ.ഡി.എഫ് :11, യു.ഡി.എഫ് : 2 എന്നതാണ് കക്ഷിനില.