ആലപ്പുഴ : സീസൺ ആരംഭിച്ച് രണ്ടുമാസമായിട്ടും വിദേശ സഞ്ചാരികളുടെ വരവ് കാര്യമായി വർദ്ധിക്കാത്തത് ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷത്തിൽ പങ്കെടുക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ ആലപ്പുഴ ബീച്ചിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ. കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും അഞ്ച് ലക്ഷത്തോളം സഞ്ചാരികൾ ബീച്ചിലെത്തും എന്നുതന്നെയാണ് ടൂറിസം അധികൃതർ കരുതുന്നത്
കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ ശരാശരി 5,000 വിദേശ സഞ്ചാരികൾ എത്തിയിരുന്ന ആലപ്പുഴയിൽ, ഇത്തവണ 3500 പേരാണ് എത്തിയത്.
ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ, യു.കെ, യു.എ.ഇ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള
സഞ്ചാരികളാണ് ജില്ലയിൽ അധികവും എത്താറുള്ളത്. ഹൗസ് ബോട്ടിന് പകരം ചെറുവള്ളങ്ങളിൽ ഗ്രാമീണ മേഖലയിലെ കാഴ്ചകൾ കാണാനാണ് അധികം പേർക്കും താത്പര്യം. സാധാരണ ദിവസങ്ങളിൽ സ്വദേശികളും വിദേശികളുമായി 4000ത്തോളം പേർ ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തുമ്പോൾ അവധി ദിനങ്ങളിൽ ഇത് 5000 കഴിയും. ആഭ്യന്തര സഞ്ചാരികളിൽ അധികവും ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വാട്ടർ ടാക്സിയും ശിക്കാര വള്ളങ്ങളുമാണ് ഇവർക്ക് പ്രിയം.
പ്രതീക്ഷ ക്രിസ്മസ്, പുതുവത്സരാഘോഷത്തിൽ
 ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷക്കാലത്ത് വിനോദസഞ്ചാരികൾ കൂടുതലായി ആലപ്പുഴയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗത്തുള്ളവർ
 വിദേശ, ആഭ്യന്തര ടൂറിസ്റ്റുകൾ ദിവസേന ആലപ്പുഴയിൽ ധാരാളമായി എത്തുന്നുണ്ടെങ്കിലും ഇവരുടെ കൃത്യമായ കണക്ക് ടൂറിസംവകുപ്പിന്റെ കൈവശമില്ല
 ഡി.ടി.പി.സി വഴി ബുക്ക് ചെയ്യുന്ന ഹൗസ് ബോട്ടുകൾ വാടകയുടെ 5ശതമാനം നൽകണമെന്നതിനാൽ ബോട്ടുടമകൾ നേരിട്ടാണ് സർവീസ് നടത്തുന്നത്
 850ഓളം ഹൗസ്ബോട്ടുകളിൽ ശരാശരി 90എണ്ണം മാത്രമാണ് പുന്നമട,പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ ഡി.ടി.പി.സി കൗണ്ടറിൽ നിന്ന് പാസ് വാങ്ങുന്നത്
 സംസ്ഥാനത്തെത്തുന്ന ടൂറിസ്റ്റുകളുടെ വിവരങ്ങൾ ജില്ലാ തലത്തിൽ അറിയാൻ കഴിയുന്ന ആപ്പിന് രൂപം നൽകണമെന്നത് ഏറക്കാലത്തെ ആവശ്യമാണ്.
വിദേശ സഞ്ചാരികളുടെ വരവ്
(ഒക്ടോബർ, നവംബർ)
2023: 5,000
2024: 3,500
തേക്കടിയിൽ എത്തുന്ന സഞ്ചാരികളുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരം രേഖപ്പെടുത്താറുണ്ട്. ഇതേ മാതൃകയിൽ ജില്ലാതലത്തിലോ സംസ്ഥാന തലത്തിലോ പുതിയ ആപ്പിന് വകുപ്പ് രൂപം നൽകണം
- ഹൗസ് ബോട്ടുടമകൾ