ആലപ്പുഴ : ക്രിസ്മസും പുതുവർഷവും ആഘോഷിക്കാൻ ജില്ലയിൽ നിന്നും പുറംനാട്ടിൽ നിന്നുമുൾപ്പടെ സഞ്ചാരികളെത്തുന്ന ആലപ്പുഴ ബീച്ച് ഫെസ്റ്റിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. ക്രിസ്മസിന് പിന്നാലെ 28 മുതൽ 31 വരെയാണ് ബീച്ച് ഫെസ്റ്റ്.

മുൻ വർഷങ്ങളിൽ ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിനായിരുന്നു സംഘാടന ചുമതലയെങ്കിൽ, ഇത്തവണ നഗരസഭയും കൈകോർക്കുന്നുവെന്ന പ്രത്യേകതയുണ്ട്. പരിപാടികൾ കൂടുതൽ ഗംഭീരമാക്കാൻ സാധിക്കുമെന്നാണ് ഡി.ടി.പി.സിയുടെ പ്രതീക്ഷ. നഗരസഭാംഗങ്ങളുമായി ചേർന്ന് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് യോഗങ്ങൾ ചേർന്നു തുടങ്ങി. ബീച്ച് ഫെസ്റ്റിനൊപ്പം ഫുഡ് ഫെസ്റ്റ് കൂടി സംഘടിപ്പിക്കാനാണ് തീരുമാനം. നാല് ദിവസങ്ങളിലായാവും ഫെസ്റ്റ് . എം.പിയും എം.എൽ.എമാരും രക്ഷാധികാരികളും, ജില്ലാ കളക്ടർ ചെയർമാനും, നഗരസഭാദ്ധ്യക്ഷ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. ഇതിനിടെ ബീച്ചിൽ വരുന്ന എക്സ്പോയുടെ സ്റ്റാളുകൾ കടൽപ്പാലത്തിന് വലത് വശത്തേക്ക് വരുന്നത് സുരക്ഷാ പ്രശ്നമുണ്ടാക്കുമോയെന്ന ആശങ്ക ഡി.ടി.പി.സി അധികൃതർ പങ്കുവെച്ചു. രണ്ടര മുതൽ മൂന്ന് ലക്ഷം പേർ വരെയാണ് മുൻ വർഷങ്ങളിൽ ബീച്ച് ഫെസ്റ്റിന്റെ ഭാഗമായത്.

എക്സ്പോയിൽ തീരുമാനം അടുത്ത കൗൺസിലിൽ
1. ബീച്ചിൽ നഗരസഭയുടെ മുൻകൂർഅനുമതി വാങ്ങാതെ അണ്ടർവാട്ടർ എക്സ്പോയുടെ നിർമ്മാണം ആരംഭിച്ചതിന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ട്

2. തുറമുഖവകുപ്പിന്റെ അനുമതിയോടെയാണ് എക്സ്പോ നിശ്ചയിച്ചിരിക്കുന്നത്. എക്സ്പോ നടത്തുന്നവർ നഗരസഭയുടെ അനുമതിക്ക് വേണ്ടി അപേക്ഷ നൽകിയിട്ടുണ്ട്

3. അടുത്ത കൗൺസിൽ വിഷയത്തിൽ തീരുമാനമെടുക്കും. സ്ട്രക്ച്ചർ സ്റ്റെബിലിറ്റി, ഫയർ ആൻഡ് സേഫ്ടി, മെക്കാനിക്കൽ ക്ലിയറൻസ് എൻ.ഒ.സി തുടങ്ങിയ രേഖകളാണ് നഗരസഭ ലഭ്യമാക്കേണ്ടത്

4. തൊട്ടിലാട്ടവും ആകാശ ബോട്ടുമുൾപ്പടെയുള്ള റൈഡുകൾ ഇതിനകം ബീച്ചിലെത്തിച്ചു. അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ക്രിസ്മസ് അവധിക്കാലം ബീച്ചിൽ അടിച്ചുപൊളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.

അടുത്ത കൗൺസിൽ യോഗത്തിലാണ് എക്സ്പോയുടെ അപേക്ഷ പരിഗണിക്കുക. നഗരസഭ കൂടി കൈകോർത്ത് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം

- കെ.കെ.ജയമ്മ, നഗരസഭാദ്ധ്യക്ഷ