
തുറവൂർ: പട്ടണക്കാട് ബ്ലോക്ക് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ ശിശുവികസന പദ്ധതി ഓഫീസർ (സി.ഡി.പി.ഒ) ഇല്ലാതായി രണ്ടുമാസം പിന്നിട്ടതോടെ പ്രവർത്തനം അവതാളത്തിലായി. ഇവിടെയുണ്ടായിരുന്ന സി.ഡി.പി. ഒ ഒക്ടോബർ ആദ്യവാരം രാജിവച്ചു പോയിരുന്നു. ഒരു മാസം കഴിഞ്ഞ് കഞ്ഞിക്കുഴി ബ്ലോക്കിലെ സി.ഡി.പി.ഒയ്ക്ക് ചുമതല നൽകിയെങ്കിലും ആഴ്ചയിൽ ഒന്നോരണ്ടോ ദിവസങ്ങളിലാണ് ഇവർ പട്ടണക്കാട്ടേക്ക് എത്തുന്നത്.
മാതൃ-ശിശു, ഭിന്നശേഷി, വയോജനം തുടങ്ങിയ വിഭാഗങ്ങളുടെ ക്ഷേമ,ഉന്നമന പ്രവർത്തനങ്ങളാകെ നിലച്ച മട്ടാണ്. ഭിന്നശേഷി കലാമേളകളും മുടങ്ങി. ബ്ലോക്കിലെ 7 പഞ്ചായത്തുകളിലെ അങ്കണവാടികളിൽ ഒഴിവുളള ജീവനക്കാരുടെ ഇന്റർവ്യൂവും നിയമനവുമൊക്കെ ത്രിശങ്കുവിലാണ്. അരൂർ പഞ്ചായത്തിൽ മാത്രമാണ് അങ്കണവാടി ജീവനക്കാരുടെ ഇന്റർവ്യൂ നടന്നത്. ഐ.സി.ഡി.എസ് മുഖേന ബ്ലോക്ക് പഞ്ചായത്തിലും മറ്റ് ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കേണ്ട പദ്ധതികളുടെ പ്രവർത്തനവും നിലച്ചു.
തിരക്കേറിയ ഓഫീസിൽ ക്ലറിക്കൽ ജോലികൾ ചെയ്യാനായി ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. ശിശുവികസന പദ്ധതി ഓഫീസർക്കാണ് ബ്ലോക്ക് തലത്തിലുള്ള ഓരോ ഐ.സി.ഡി.എസ് പരിപാടിയുടെയും ചുമതല.
ഭിന്നശേഷി കലാമേളകൾ അടക്കം മുടങ്ങി
ജില്ലയിലെ ഏറ്റവും വലിയ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസാണ് പട്ടണക്കാട് ബ്ളോക്കിലേത്
7 ഗ്രാമപഞ്ചായത്തുകളാണ് പട്ടണക്കാട് ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ളത്
ഓഫീസർ -1, ക്ലാർക്ക് - 2,സീനിയർ ക്ലാർക്ക് -1, ജൂനിയർ സൂപ്രണ്ട്-1, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയായിരുന്നു ജീവനക്കാർ
നിലവിൽ ഒരു പ്യൂൺ അടക്കം 3 ജീവനക്കാർ മാത്രം.പഞ്ചായത്തുകളുടെ ചുമതലയുള്ള 7 ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുമുണ്ട്
പട്ടണക്കാട് ഐ. സി.ഡി.എസ് ഓഫീസിന്റെ കീഴിലുള്ള അങ്കണവാടികൾ
192
പട്ടണക്കാട് ബ്ലോക്കിലെ പഞ്ചായത്തുകളിൽ സംയോജിത ശിശുവികസനസേവന പദ്ധതി മുഖേനയുള്ള പ്രവർത്തനങ്ങൾ അവതാളത്തിലാണ്. നേതൃത്വം നൽകേണ്ട ഓഫീസർ ഇല്ലാത്തതാണ് കാരണം
- ഷൈലജൻ കാട്ടിത്തറ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ,കോടംതുരുത്ത് ഗ്രാമ പഞ്ചായത്ത്
ഐ .സി.ഡി.എസ് ഓഫീസിൽ പുതിയ ഓഫീസറെ നിയമിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് പ്രതിക്ഷേധാർഹമാണ്
- ആർ.ജീവൻ, വൈസ് പ്രസിഡന്റ് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്
പട്ടണക്കാട് ബ്ലോക്ക് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ പുതിയ ശിശുവികസന പദ്ധതി ഓഫീസറെ ഒരാഴ്ചക്കുള്ളിൽ നിയമിക്കും
- ജില്ലാ ഓഫീസർ, വനിതാ- ശിശു വികസനവകുപ്പ്, ആലപ്പുഴ