
മാന്നാർ: കഥകളി നടൻ ഗുരു ചെന്നിത്തല ചെല്ലപ്പൻപിള്ളയുടെ സ്മരണക്കായി ചെന്നിത്തല ചെല്ലപ്പൻപിള്ള കലാ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പുരസ്കാരസമർപ്പണവും 26-ാമത് വാർഷിക ദിനാചരണ അനുസ്മരണ സമ്മേളനവും ഉദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. കഥകളി നടൻ ചാത്തന്നൂർ നാരായണ പിള്ളയ്ക്ക് ചെല്ലപ്പൻപിള്ള പുരസ്കാരവും കഥകളി നടൻ അഡ്വ.മോഴുർ രാജേന്ദ്ര ഗോപിനാഥിന് ജന്മശതാബ്ദി പുരസ്കാരവും വിതരണം ചെയ്തു. സമിതി പ്രസിഡന്റ് ഗോപി മോഹൻ നായർ കണ്ണങ്കര അദ്ധ്യക്ഷത വഹിച്ചു. ചെന്നിത്തലയിലെ കലാ പ്രതിഭകളായ സംഗിത സംവിധായകൻ സജിത്ത് വി.എ, സുഭദ്രക്കുട്ടിയമ്മ, ഉഷ അനാമിക എന്നിവരെ ചടങ്ങിൽ ആദരിച്ചു. കലാസമിതിയുടെ ഇരുപത്തിയഞ്ചാം വാർഷികപരിപാടിയുടെ ഭാഗമായി കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ പ്രസിദ്ധീകരിച്ച ഗുരു ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മരണിക പ്രകാശനം ഗ്രാമപഞ്ചായത്തംഗം ഗോപൻ ചെന്നിത്തലയ്ക്ക് നൽകി മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയമ്മ ഫിലേന്ദ്രൻ സമ്മാനദാനം നിർവ്വഹിച്ചു. ഡോ.ടി.എ. സുധാകരക്കുറുപ്പ്, ഗോപൻ ചെന്നിത്തല, ദിപു പടകത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, എൻ.ശ്രീധരൻ നായർ എന്നിവർ സെസാരിച്ചു. ജി.ഹരികുമാർ സ്വാഗതവും വിശ്വനാഥൻ നായർ നന്ദിയും പറഞ്ഞു.