ആലപ്പുഴ : നിർമ്മാണം പൂർത്തിയായിട്ടും അപ്രോച്ച് റോഡില്ലാത്തതിനാൽ നാടിന് പ്രയോജനപ്പെട‌ാതെ നിലകൊള്ളുന്ന കൈനകരി മുണ്ടയ്ക്കൽ പാലം വീണ്ടും പ്രതീക്ഷയുടെ ട്രാക്കിലേക്കെത്തുന്നു. പാലത്തിൽ നിന്ന് കൈനകരി ചാവറ ഭവൻ ഭാഗത്തേക്ക് റോഡ് നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് 9കോടി രൂപ അനുവദിച്ച് ഉത്തരവ് ഇറങ്ങി. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണച്ചുമതല. പ്രദേശത്തെ മണ്ണിന്റെ സ്വഭാവം കണക്കിലെടുത്ത് ജിയോ ടെക്സ്റ്റെൽ പോലുള്ള വസ്തുക്കൾ ഉപയോഗിച്ചു വേണം റോഡ് നിർമ്മാണമെന്ന് ഉത്തരവിൽ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

താഴേക്ക് വാഹനമിറക്കാൻ മാർഗമില്ലാതെ വന്നതോടെ പാലം വാഹന പാർക്കിംഗ് കേന്ദ്രമായി മാറിയിരുന്നു. സഹികെട്ട് നാട്ടുകാർ പിരിവിട്ട് സ്ഥലം വിലയ്ക്ക് വാങ്ങി ചെറിയ വാഹനങ്ങൾ വശങ്ങളിലേക്ക് ഇറക്കാവുന്ന തരത്തിൽ ചെറിയ പാത സജ്ജമാക്കിയിട്ടുണ്ട്. 2016 -17 കാലയളവിലാണ് കൈനകരി പഞ്ചായത്തിലെ രണ്ട് കരകളെ ഒന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായത്. പക്ഷേ പാലത്തിൽ നിന്ന് മുന്നോട്ടുള്ള യാത്ര കര തൊടാതെ പാടശേഖരത്തിലവസാനിക്കും. അപ്രോച്ച് റോഡ് പണിയാതെ ഉദ്ഘാടനം നടത്തിയതടക്കം നിരവധി പേരുദോഷങ്ങൾക്ക് കാരണമായിട്ടുള്ളതിനാൽ പുതുതായി വന്ന കിഫ്ബി ഉത്തരവിലും നാട്ടുകാർ നൂറ് ശതമാനം പ്രതീക്ഷ അർപ്പിക്കുന്നില്ല.

അപ്രോച്ച് റോഡിന് പരിഹാരം

 ജനങ്ങൾ വസ്തു സൗജന്യമായി വിട്ടു നൽകിയിട്ടും തണ്ണീർത്തടനിയമത്തിൽ ഇളവ് അനുവദിച്ചിട്ടും റോഡുപണി വർഷങ്ങളോളം വൈകി

 ഇതോടെയാണ് പമ്പയാറ് കടന്ന് കൈനകരി പഞ്ചായത്തിലെത്തേണ്ട വാഹനങ്ങൾക്ക് പാലം പാർക്കിങ്ങ് കേന്ദ്രമായി മാറിയത്

 വെള്ളപ്പൊക്കകാലത്ത് കന്നുകാലികളെ കെട്ടാനും പാലം നാട്ടുകാർ ഉപയോഗിച്ചിരുന്നു

 പല തിരഞ്ഞെടുപ്പുകളിലും മുണ്ടക്കൽ പാലം വിഷയമായിട്ടു പോലും ജനങ്ങളുടെ കാത്തിരിപ്പ് നീളുകയായിരുന്നു

മുണ്ടക്കൽ പാലം ചാവറ ഭവൻ സി ബ്ലോക്ക് റോഡിന് അനുവദിച്ചത്

₹9 കോടി

പാലംനിർമ്മാണം പൂർത്തിയായത് : 2016-17ൽ

പാലത്തിന്റെ നിർമ്മാണച്ചിലവ് : ₹36കോടി

കോടികൾ മുടക്കി പണിത പാലം കൊണ്ട് നാട്ടുകാർക്ക് ഇന്നേവരെ പ്രയോജനമുണ്ടായിട്ടില്ല. പുതിയ ഉത്തരവെങ്കിലും നടപ്പായാൽ നിലവിലെ തലമുറയെങ്കിലും വാഹനമെത്താത്ത കൈനകരിയെ ഉപേക്ഷിക്കാതിരിക്കും

- അശോക് കുമാർ, പ്രദേശവാസി