ആലപ്പുഴ : ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ നിലവാരമില്ലാത്തതും ലേബൽ വിവരങ്ങൾ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങൾ കണ്ടെത്തി പിഴ ചുമത്തി. ആലപ്പുഴ ഭക്ഷ്യ സുരക്ഷാ സർക്കിളിൽ നിന്ന് ശേഖരിച്ച ആർ.സി.എം കല്ലുപ്പ് നിലവാരമില്ലാത്തതായി ലബോറട്ടറി ഫലം വന്നതിനാൽ ഉപ്പ് വിറ്റ സ്ഥാപനമായ കലവൂർ കെ.എം.ജെ മിനി മാർട്ടിന് 10,000 രൂപയും ഉപ്പ് നിർമ്മിച്ച സ്ഥാപനമായ തൂത്തുക്കുടി ആർ. ചെയർമാൻ എന്ന സ്ഥാപനത്തിന് 50,000 രൂപയും ആലപ്പുഴ ആർ.ഡി.ഒ പിഴയിട്ടു. ആലപ്പുഴ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറായിരുന്ന ചിത്ര മേരി തോമസ് ശേഖരിച്ച സാമ്പിളുകളിലാണ് നടപടി.
ആലപ്പുഴ, ചെങ്ങന്നൂർ ഭക്ഷ്യസുരക്ഷാ സർക്കിളുകളിൽ നിന്നും ശേഖരിച്ച കീർത്തി നിർമ്മൽ ഉപ്പിന്റെ ലേബൽ വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ ആലപ്പുഴ ആർഡിഒ 50,000 രൂപയും ചെങ്ങന്നൂർ ആർഡിഒ 75,000 രൂപയും പിഴയിട്ടു. ചിത്ര മേരി തോമസ്, ആർ.ശരണ്യ എന്നീ ഓഫീസർമാർ എടുത്ത സാമ്പിളുകളിന്മേലാണ് നടപടി. ആപ്പിൾ സിഡർ വിനാഗിരിയിൽ നിർദിഷ്ട നിലവാരമില്ലാത്തതിനാൽ നിർമ്മിച്ച സ്ഥാപനമായ മഹാരാഷ്ട്ര എം.ഐ.ഇ ഗ്ലോബൽ ഫുഡ്‌സിന് 1,50,000 രൂപയും വിതരണം ചെയ്ത എറണാകുളം, അമ്മൻകോവിൽ സ്ട്രീറ്റ് തോംസൺ ട്രേഡേഴ്‌സിന് 1,00000 രൂപയും വിറ്റ സ്ഥാപനമായ പാൻട്രി ആലപ്പുഴയ്ക്ക് 50,000 രൂപയും പിഴ ചുമത്തി.
അരൂർ സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ബി.എസ്.അഖില സാമ്പിളെടുത്ത ക്വാളിറ്റി മല്ലിപ്പൊടിക്ക് നിർദിഷ്ട നിലവാരമില്ലാത്തതിനാൽ പാണാവള്ളി ക്വാളിറ്റി ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിന് 50,000 രൂപയും വിറ്റ വ്യക്തിക്ക് 10,000 രൂപയും ആലപ്പുഴ ആർഡിഒ പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ വൈ.ജെ.സുബിമോൾ അറിയിച്ചു.