ആലപ്പുഴ : കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാൻ ആലപ്പുഴ നഗരസഭ സജ്ജമാക്കിയ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് വാഹനത്തിന്റെ നിരക്ക് നിശ്ചയിച്ചു. അമൃത് പദ്ധതിപ്രകാരം വാങ്ങിയ രണ്ട് മൊബൈൽ യൂണിറ്റിന്റെ പ്രവർത്തന മാർഗരേഖയുടെ കരട് അംഗീകരിക്കുന്നതിന് ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരസഭാപരിധിയിൽ വീടുകൾക്ക് മിനിമം നാലായിരം രൂപയും വ്യാപാരസ്ഥാപനങ്ങൾക്ക് ആറായിരം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരുലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള യൂണിറ്റ് ട്രയൽറൺ പൂർത്തിയാക്കിയിരുന്നു.

യോഗത്തിൽ നഗരസഭാദ്ധ്യക്ഷ കെ.കെ. ജയമ്മ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, കൗൺസിലർമാരായ സൗമ്യരാജ്, അഡ്വ. റീഗോ രാജു, ബി.മെഹബൂബ്, ഡി.പി.മധു, ബിന്ദുതോമസ്, അരവിന്ദാക്ഷൻ, കെ.ബാബു, ആർ. രമേഷ്, മനു ഉപേന്ദ്രൻ സെക്രട്ടറി എ.എം.മുംതാസ്, എൻജിനീയർ ഷിബു നാൽപ്പാട്ട് എന്നിവർ സംസാരിച്ചു.

മണിക്കൂറിൽ സംസ്കരിക്കുക 6000ലിറ്റർ

1. മണിക്കൂറിൽ 6000 ലിറ്റർ കക്കൂസ് മലിനജലം സംസ്‌കരിക്കാൻ പര്യാപ്തമായതാണ് വാഹനങ്ങൾ

2. യൂണിറ്റിന്റെ 6മാസത്തെ പ്രവൃത്തികൾ വിലയിരുത്തിയശേഷം ആവശ്യമെങ്കിൽ നിരക്ക് പരിഷ്ക്കരിക്കും

3. നഗരസഭാപരിധിക്ക് പുറത്തുള്ളവർക്ക് ദൂരപരിധി കണക്കാക്കിയാവും നിരക്ക് ഈടാക്കുക

വീടുകൾക്ക് 4000 മുതൽ

വീടുകൾക്ക് നിരക്ക് : ₹4000 - 5000

ബി.പി.എൽ കുടുംബങ്ങൾക്ക് : ₹3000

ഹൗസ് ബോട്ടുകൾക്ക് : ₹2000 (1000 ലിറ്ററിന്)

ലോഡ്ജ് അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾക്ക് : ₹6000 (മണിക്കൂറിന്)

.

ബീച്ചിലെ കാർണിവലിന് അനുമതി നൽകും

ആലപ്പുഴ ബീച്ചിൽ തുറമുഖവകുപ്പിന്റെ അനുമതിയോടെ കാർണിവൽ നടത്തുന്നതിനായി ഇവന്റ് മാനേജ്‌മെന്റ് കമ്പനി നൽകിയ അപേക്ഷയിൽ കൗൺസിൽ അനുകൂലതീരുമാനമെടുത്തു. നഗരസഭയുടെ കർശന നിരീക്ഷണത്തിൽ, മാലിന്യസംസ്‌കരണം ഉറപ്പാക്കി വിവിധ വകുപ്പുകളുടെ നിരാക്ഷേപ,സാക്ഷ്യ പത്രങ്ങളും പെർമിറ്റ് ഫീസും അടയ്ക്കുന്ന മുറയ്ക്ക് നിർമ്മാണാനുമതി നൽകും. റോഡുകളിൽ നടപ്പാത കയ്യേറി നടത്തുന്ന കച്ചവടങ്ങൾക്ക് വെൻഡിംഗ് സോൺ നിശ്ചയിച്ച് നൽകി ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പുവരുത്തും. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാർച്ച് 30നകം സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ തുടർ കർമ്മപദ്ധതികൾക്ക് രൂപം നൽകി. 2025 നവംബർ 1ന് നഗരസഭ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കും.