ആലപ്പുഴ: പതിവ് നക്ഷത്രരൂപങ്ങളിൽ നിന്ന് വ്യത്യസ്തരായെത്തി വിപണിയിൽ വർണം വാരി വിതറുകയാണ് ജിഗ്സോ ലാമ്പുകൾ. കർണാടകയിൽ നിന്നാണ് ഫൈബർ നിർമ്മിത ജിഗ്സോ ലാമ്പുകളുമായി കച്ചവടക്കാർ ആലപ്പുഴയിലെത്തിയത്.

ക്രിസ്മസ് - പുതുവത്സര സീസണാണ് ലക്ഷ്യം. ഫൈബർ ഉത്പന്നങ്ങൾ ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ചവയാണ് ജിഗ്സോ ലാമ്പുകൾ. ആകർഷകമായ ഡിസൈനുകൾ ഇഷ്ടപ്പെട്ടാണ് ലാമ്പ് തേടി ഉപഭോക്താക്കളെത്തുന്നത്. ഒരേ ലാമ്പിൽ തന്നെ വിവിധ വർണ്ണങ്ങൾ ലഭിക്കുന്നവയുമുണ്ട്. ഫൈബറിലുള്ള വിവിധ രൂപങ്ങൾ ഇറക്കുമതി ചെയ്താണ് ലാമ്പുകൾ തയാറാക്കുന്നതെന്ന് കർണാടക സ്വദേശി അബ്ദുൾ മജീദ് പറഞ്ഞു. മഴ നനഞ്ഞാലും നക്ഷത്രത്തിന് കേടുപാട് സംഭവിക്കാത്തതും ഗുണഭോക്താക്കളെ ആകർഷിക്കുന്നുണ്ട്.

ജിഗ്സോ ലാമ്പിന്റെ വില: ₹ 150 - 350

കച്ചവടക്കാരെ തളർത്തി മഴ

മുല്ലയ്ക്കൽ എ.വി.ജെ ജംഗ്ഷൻ മുതൽ കിടങ്ങാംപറമ്പ് വരെ കച്ചവടക്കാർ നിരത്തിൽ നിരന്നു തുടങ്ങി. പാവകൾ, ആഭരണങ്ങൾ, പലഹാരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയുമായെത്തി സ്ഥലം പിടിച്ച കച്ചവടക്കാർക്ക് മഴ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വീഥികളെല്ലാം കച്ചവടക്കാരെ കൊണ്ട് നിറയും. തിരക്ക് കൂടി തുടങ്ങിയതോടെ പൊലീസ് സുരക്ഷയും പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.

കൈകൊണ്ട് പൂർണമായി നിർമ്മിക്കുന്നതാണ് ജിഗ്സോ ലാമ്പുകൾ. വീടിന് അകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാം

-അബ്ദുൾ മജീദ്, കച്ചവടക്കാരൻ