ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ നവീകരിച്ച റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ (ഓട്ടിസം സെന്റർ) ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ജനന,വികാസ വൈകല്യങ്ങൾ, കാഴ്ച, ശ്രവണ വൈകല്യങ്ങൾ, ഓട്ടിസം, ബുദ്ധിമാന്ദ്യം, പഠന​ സംസാര​ ഭാഷാ വൈകല്യങ്ങൾ തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികൾക്ക് ശാസ്ത്രീയ ചികിത്സയും മതിയായ പരിചരണവും ലഭ്യമാക്കുന്നതാണ് റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ (ആർ. ഇ .ഐ. സി). എച്ച് .സലാം എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചെലവിൽ അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിച്ച് നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി ആർ.ബിന്ദു നിർവ്വഹിക്കും.

എച്ച് സലാം എം.എൽ.എ അദ്ധ്യക്ഷനാ​കും.സാമൂഹ്യനീതി വകുപ്പിനു കീഴിലെ സാമൂഹ്യസുരക്ഷാ മിഷന്റെ അനുയാത്ര പദ്ധതിയിൽ സംസ്ഥാന സർക്കാർ രൂപംകൊടുത്തതാണ് ഏർളി ഇന്റർവെൻഷൻ സെന്റർ. സൈക്കോളജിസ്റ്റ്,മെഡിക്കൽ ഓഫീസർ,സോഷ്യൽ വർക്കർ, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ, ഫിസിയോ തെറാപ്പി, ഡെവലപ്‌മെന്റൽ തെറാപ്പി തുടങ്ങി വിവിധസജ്ജീകരണങ്ങളാണ് സെന്ററിൽ ഒരുക്കിയിട്ടുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആരംഭിച്ചഘട്ടത്തിൽ ഒഴിവുവന്ന അത്യാഹിത വിഭാഗത്തിന് സമീപത്തെ വാർഡിലാണ് നവീകരിച്ച റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ ആരംഭിക്കുന്നത്.

പുറത്ത് ആയിരം രൂപ, ഇവിടെ സൗജന്യം

 ആലപ്പുഴയിലുൾപ്പടെ സംസ്ഥാനത്തെ 5 ഗവ.മെഡിക്കൽ കോളേജുകളിലാണ് ഏർളി ഇന്റർവെൻഷൻ സെന്റർ

 തെറാപ്പികളിലൂടെ വിവിധങ്ങളായ വൈകല്യങ്ങളുടെ തീവ്രതകുറച്ച് കുട്ടികളെ സാധാരണജീവിതത്തിലേക്ക് നയിക്കുകയാണ് ലക്ഷ്യം

 2018 മുതലാണ് സെന്റർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചത്

 അന്നുമുതൽ രജിസ്റ്റർ ചെയ്ത 3686 കുട്ടികളിൽ 3300 പേർക്ക് ഇതുവരെ ചികിത്സാസേവനം ലഭ്യമക്കി

 സ്വകാര്യ സെന്ററുകളിൽ 500 മുതൽ 1000 രൂപ വരെ ഈടാക്കുമ്പോൾ ഇവിടെ ദിനം പ്രതി 20​25 കുട്ടികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നു

സെന്റർ നവീകരണത്തിന് ചെലവായത്

₹37ലക്ഷം