d

ആലപ്പുഴ: പ്രളയകാലത്താണ് അതിർത്തി കാത്തിരുന്ന ആലപ്പുഴയിലെ 15 വീര ജവാന്മാരുടെ ഫേസ്ബുക്ക് കൂട്ടായ്മ പിറന്നത്. 1427 അംഗങ്ങളായി വളർന്ന കൂട്ടായ്മയിപ്പോൾ സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് എന്ന ചാരിറ്റബിൾ സൊസൈറ്റിയുമായി. സർവീസിലുള്ളവരും വിരമിച്ചവരുമെല്ലാം സംഘടനയിലുണ്ട്.

പട്ടാളക്കാരനായ എം. അനസിന്റെ ആശയത്തിലാണ് കൂട്ടായ്മ പിറന്നത്. പ്രസിഡന്റ് മനോജ് കരിമുളയ്ക്കൽ, സെക്രട്ടറി അനിൽകുമാർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്. പ്രളയകാലത്ത് വഴിവെട്ടിയും വീടുകൾ വാസയോഗ്യമാക്കിയും കൂട്ടായ്മ രക്ഷകരായി. അരൂർ മുതൽ ഓച്ചിറ വരെയുള്ള സൈനിക, അർദ്ധ സൈനിക വിഭാഗക്കാരെ ഒരുമിപ്പിച്ചു. മാസവും മുടങ്ങാതെ 25000 രൂപയുടെ സഹായം അശരണർക്കെത്തിക്കുന്നുമുണ്ട്. കൂടാതെ ലക്ഷങ്ങളുടെ ചികിത്സാസഹായവുമൊരുക്കി.

അപേക്ഷകൾ പരിഗണിച്ചാണ് അർഹർക്ക് സഹായമൊരുക്കുന്നത്. കിടപ്പുരോഗികളെ പാർപ്പിച്ചിരിക്കുന്ന കേന്ദ്രത്തിലേക്ക് ഗൃഹോപകരണങ്ങൾ, അശരണർക്ക് വീട്ടുസാധനങ്ങൾ, ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം, ഭക്ഷണ അലമാരയിലേക്ക് ഭക്ഷണം, രക്തദാനം എന്നിങ്ങനെ നീളുന്നു സേവനങ്ങളുടെ പട്ടിക.

കാർഗിലിൽ വീരമൃത്യു വരിച്ച ശിവകുമാർ, ഇന്തോ പാക് യുദ്ധത്തിൽ 22ാം വയസിൽ വീരമൃത്യു വരിച്ച രാജപ്പൻ മുറിയാലി, ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ജീവൻ പൊലിഞ്ഞ ഗ്രെഫ് സൈനികൻ പി.വി.തമ്പി എന്നിവർക്ക് സ്മൃതി മണ്ഡപം നിർമ്മിച്ചു. സൈനിക - അർദ്ധ സൈനിക വിഭാഗക്കാർക്കെല്ലാം സംഘടനയിൽ 'റാങ്ക്" വ്യത്യാസമില്ല. കാർഗിൽ യുദ്ധത്തിലും, മുംബയ് ആക്രമണത്തിലുമടക്കം പങ്കെടുത്തവർ കൂട്ടത്തിലുണ്ട്. സേനാമെഡൽ നേടിയ ഭാസ്ക്കരൻ പിള്ളയാണ് (75) കാരണവർ. ഓരോഅംഗവും പ്രതിമാസമടയ്ക്കുന്ന ഇരുന്നൂറ് രൂപ വരിസംഖ്യയാണ് മൂലധനം.

സൈന്യത്തെ നാടറിയണം

 പെൻഷനാകുന്ന സൈനികർക്ക് സ്വീകരണം നൽകും

 സൈനികരുടെ വിധവകളെ വീട്ടിലെത്തി ആദരിക്കും

 വീരമത്യുവരിച്ച 35 സൈനികരുടെ സ്മൃതി മണ്ഡപങ്ങൾ പുനരുദ്ധരിച്ചു