ആലപ്പുഴ: നെല്ലിന്റെ സംഭരണത്തുക കർഷകർക്ക് കാലതാമസമില്ലാതെ വിതരണം ചെയ്യാൻ സപ്ളൈകോ പരിഷ്‌കരിച്ച സോഫ്റ്റ് വെയർ സംവിധാനം ഫലം കണ്ടില്ല. പി.ആർ.എസ് രസീതുമായെത്തുന്ന കർഷകർക്ക് വായ്പയായി തുക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പേമെന്റ് സപ്ളൈകോയ്ക്ക് കൂടി ബോദ്ധ്യപ്പെടുന്നതിനുമാണ് പാഡി പേയ്മെന്റ് സോഫ്റ്റ് വെയർ ഈ വർഷം പരിഷ്കരിച്ചത്.
പി.ആർ.എസ് രസീതും അപേക്ഷയും വാങ്ങിവച്ച് സൗകര്യം പോലെ വായ്പ അനുവദിക്കുന്നതായിരുന്നു ബാങ്കുകളുടെ കീഴ്വക്കം., ബാങ്കുകളെ കൂടി ഉൾപ്പെടുത്തി കാലതാമസം ഒഴിവാക്കാനായിരുന്നു സപ്ളൈകോ ശ്രമിച്ചത്. എന്നാൽ, പേമെന്റിലെ കട്ട് ഓഫ് ഡേറ്റ് സമ്പ്രദായവും സർക്കാർ കൈമാറുന്ന തുകയ്ക്ക് അനുസരിച്ച് വായ്പ പരിമിതപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ടു. . 2024 നവംബർ 15 വരെ സപ്ളൈകോയ്ക്ക് നെല്ല് കൈമാറിയ കർഷകർക്കുള്ള തുകയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. കൈകാര്യ ചെലവുൾപ്പെടെ കഴിഞ്ഞ സീസണിലേതു പോലെ കിലോ ഗ്രാമിന് 28.32 രൂപയാണ് സപ്ളൈകോ രണ്ടാംകൃഷിയുടെ നെല്ലു വിലയായി അനുവദിച്ചിട്ടുള്ളത്.
കാത്തിരിപ്പ് നീളും
1. നവംബർ 15ന് ശേഷം ഇന്നലെ വരെ നെല്ല് കൈമാറിയ കർഷകരുടെ കട്ട് ഓഫ് ഡേറ്റുകളുടെയും അനുവദിക്കുന്ന തുകകളുടെയും കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
2.കാനറാ ബാങ്കിനെയും എസ്.ബി.ഐയെയുമാണ് നെല്ലുവില വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. കാനറാ ബാങ്ക് ഈ ആഴ്ചയുടെ തുടക്കം മുതൽ പണം വിതരണം തുടങ്ങിയെങ്കിലും എസ്.ബി.ഐ വ്യാഴാഴ്ചയാണ് ആരംഭിച്ചത്.
3.കുട്ടനാടുൾപ്പടെ ആലപ്പുഴ ജില്ലയിൽ നിന്നുമാത്രം 18392 ടണ്ണിലേറെ നെല്ല് കൈമാറിയ 9805 കർഷകരിൽ 938 കർഷകർക്കായി 318.15 ടൺ നെല്ലിന്റെ വിലമാത്രമാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്.
4. സർക്കാർ കൈമാറിയ പണത്തിന്റെ പരിധി കഴിഞ്ഞാൽ ഇത്തവണയും ബാങ്കുകൾ നെല്ലിന്റെ വില വായ്പയായി നൽകില്ല. , മുൻവർഷങ്ങളിലേതുപോലെ പണത്തിനായി കർഷകർ ഇത്തവണയും മാസങ്ങളോളം കാത്തിരിക്കേണ്ടിവരും.
'ഭൂമി തരംമാറ്റൽ ഫീസിനത്തിൽ ലഭിച്ച 1510കോടി രൂപ നെൽവില വിതരണത്തിനുള്ള റിവോൾവിംഗ് ഫണ്ടിനായി സർക്കാർ നീക്കിവച്ചാൽ മാസങ്ങളോളം പണത്തിനായി കാത്തിരിക്കേണ്ട ദുസ്ഥിതി ഒഴിവാക്കാനാകും. '
- സോണിച്ചൻ പുളിങ്കുന്ന്,
നെൽ കർഷക സംരക്ഷണ സമിതി.