അമ്പലപ്പുഴ : അമ്പലപ്പുഴയിലെ സാധാരണക്കാരുടെ കൂട്ടായ്മയായ കളിത്തട്ടിന്റെ നേതൃത്വത്തിൽ 15ദിവസം നീണ്ടുനിൽക്കുന്ന കളിത്തട്ട് മഹോത്സവം സംഘടിപ്പിക്കും. അമ്പലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിന് എതിർവശത്തായി ഡോ. അമ്പലപ്പുഴ ഗോപകുമാർ നഗറിൽ 16 മുതൽ 30 വരെയാണ് മഹോത്സവം നടക്കുന്നതെന്ന് ചെയർമാൻ എം.ശ്രീകുമാരൻ തമ്പി ,ജനറൽ സെക്രട്ടറി സജു പാർത്ഥസാരഥി, വർക്കിംഗ് ചെയർമാൻ കെ.ചന്തു, വൈസ് ചെയർമാൻ സാംസൺ വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 9 പ്രൊഫഷണൽ നാടകങ്ങളും 6 അമച്വർ നാടകങ്ങളും ഉൾപ്പെടെ നിരവധി കലാ പരിപാടികളും വിവിധ മേഖലകളിലെ ബഹുമുഖ പ്രതിഭകളെ ആദരിക്കലും ഈ ദിവസങ്ങളിൽ നടക്കും. 16ന് വൈകിട്ട് 6ന് എച്ച്.സലാം എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും.എം.ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷനാകും. സമാപന ദിവസം വൈകിട്ട് 6ന് സാംസ്കാരിക സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ശശികലാധരൻ വെള്ളാപ്പള്ളി ഭദ്രദീപ പ്രകാശനം നടത്തും. കെ.സി. വേണുഗോപാൽ എം.പി അവാർഡുദാനം നിർവഹിക്കും. ഡോ.ബി.പത്മകുമാർ പ്രമുഖ വ്യക്തികളെ ആദരിക്കും.