photo

ആലപ്പുഴ: ദേവീമന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ ഭക്തലക്ഷങ്ങൾ ചക്കുളത്തുകാവ് ഭഗവതിക്ക് പൊങ്കാല അർപ്പിച്ചു. ക്ഷേത്രപരിസരത്തിനു പുറമേ, തകഴി - തിരുവല്ല - കോഴഞ്ചേരി, ചെങ്ങന്നൂർ - പന്തളം, എടത്വ - മുട്ടാർ, നീരേറ്റുപുറം - കിടങ്ങറ, പൊടിയാടി - മാന്നാർ - മാവേലിക്കര, എടത്വ - ഹരിപ്പാട് എന്നീ പ്രധാന റോഡുകൾക്കരികിലും ഇടവഴികളിലുമെല്ലാം ഭക്തർ പൊങ്കാലയിട്ടു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നെത്തിയ ഭക്തർ വ്യാഴാഴ്ച മുതൽ അടുപ്പുകൾ നിരത്തി ഇടംപിടിച്ചിരുന്നു.

ഇന്നലെ പുലർച്ചെ നിർമ്മാല്യദർശനത്തിനും അഷ്ടദ്രവ്യമഹാഗണപതി ഹോമത്തിനും വിളിച്ചുചൊല്ലി പ്രാർത്ഥനയ്ക്കും ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിൽ ദീപം പകർന്നതോടെ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി.

സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്, പ്രവാസി വ്യവസായിയും ആർ.സി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ റെജി ചെറിയാൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ലാപ്രസി‌ഡന്റ് എം.വി. ഗോപകുമാർ, രമേശ് ഇളമൺ നമ്പൂതിരി, മീഡിയ കോ-ഓർഡിനേറ്റർ അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മിറ്റി പ്രസിഡന്റ് എം.പി. രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.

500ലധികം വേദപണ്ഡിതൻമാരുടെ നേതൃത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് പൊങ്കാല നേദിച്ച് ഭക്തർക്ക് പ്രസാദം നൽകി. തുടർന്ന് ദേവിയെ അകത്തേക്ക് എഴുന്നള്ളിച്ച് ഉച്ചദീപാരാധനയും ദിവ്യാഭിഷേകവും നടന്നു. വൈകിട്ട് കാർത്തിക സ്തംഭത്തിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് അഗ്നി പകർന്നു.