
ആലപ്പുഴ: കൈനകരി പഞ്ചായത്തിലേക്കുള്ള കുടിവെള്ള പമ്പിംഗ് എട്ട് മാസങ്ങൾക്ക് ശേഷം പുനരാരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. പള്ളാത്തുരുത്തിയിലെ കുഴൽക്കിണറിൽ നിന്ന് കൈനരി മുണ്ടയ്ക്കൽ ജലസംഭരണിയിലേക്കാണ് വെള്ളം പമ്പ് ചെയ്തത്. എന്നാൽ, ഒരുതുള്ളിപോലും ടാങ്കിലെത്തിയില്ല. ബുധനാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ വെള്ളം കയറ്റിയെങ്കിലും, ചോർച്ചകാരണം പിറ്റേന്ന് രാവിലെ സംഭരണി കാലിയായിരുന്നു. ഇന്നലെ വീണ്ടും പമ്പിംഗ് നടത്തിയെങ്കിലും ജലസംഭരണിയിൽ വെള്ളം കയറിയില്ല. എ.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പള്ളാത്തുരുത്തി ഭാഗത്ത് പില്ലർ താഴ്ത്തിയപ്പോഴുണ്ടായ തകരാർ കാരണമാണ് മാസങ്ങളായി പമ്പിംഗ് മുടങ്ങിയത്. അതേസമയം, ഇതിന് പിന്നിൽ രാഷ്ട്രീയക്കളിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
സംഭരണിയിൽ നിന്ന് ലൈനിൽ വെള്ളം വന്നുതുടങ്ങിയാലും വീടുകളിലെത്തില്ലെന്നാണ്
നാട്ടുകാർ പറയുന്നത്. അടുത്തിടെ കോൺക്രീറ്റ് ചെയ്ത റോഡിന് അടിയിലൂടെയാണ് പൈപ്പ് ലൈൻ പോകുന്നത്. പല ലൈനുകളിലും പൊട്ടലുണ്ടെന്ന് അറിയിച്ചിട്ടും പ്രശ്നം പരിഹരിക്കാതെയാണ് റോഡ് പണി പൂർത്തിയാക്കിയതെന്നും അവർ പറയുന്നു.
മുണ്ടയ്ക്കൽ ജലസംഭരണിയിലെ ചോർച്ച പരിഹരിക്കാത്തതിനാൽ ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് പാഴായത്. സംഭരണി നിൽക്കുന്ന ഭാഗത്ത് മുമ്പ് വോളിബാൾ ടൂർമമെന്റ് വരെ നടത്തിയിരുന്നു. എന്നാൽ, ചോർച്ച കാരണം പ്രദേശം ഇപ്പോൾ ചതുപ്പിന് സമാനമാണ്.
തുടർച്ചയായി എട്ട് മാസം വെള്ളം മുടങ്ങിയിട്ടും വള്ളത്തിൽ കുടിവെള്ളം പൂർണമായി എത്തിക്കാൻ പോലും ഭരണസമിതിക്ക് സാധിച്ചിട്ടില്ല. പമ്പിംഗ് പുനരാരംഭിച്ചിട്ടും ഫലമുണ്ടായില്ല. വെള്ളം വിലയ്ക്ക് വാങ്ങിയാണ് ജനം കുടിക്കുന്നത്
-നോബിൻ, മെമ്പർ, കൈനകരി പഞ്ചായത്ത്
കൈനകരിയിലെ സി.പി.എമ്മിനുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയവും, അധികാര തർക്കവും കാരണമാണ് കിഴക്കൻ മേഖലയിലെ കുടിവെള്ള വിതരണം അട്ടിമറിക്കപ്പെടുന്നതെന്നും ഇതിന് പരിഹാരം കാണാൻ സാധിക്കാത്ത പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് ജനങ്ങളോട് നീതിപുലർത്തണം
-ഡി.ലോനപ്പൻ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ
തിങ്കളാഴ്ച
സത്യാഗ്രഹം
കുടിവെള്ള വിതരണത്തിലെ രാഷ്ട്രീയ പോരിൽ പക്ഷം നിൽക്കുന്ന വാട്ടർ അതോറിട്ടി ജീവനക്കാരും, കരാറുകാരും മുണ്ടയ്ക്കൽ വാർഡ് ടാങ്കിൽ കുടിവെള്ളമെത്തിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിച്ചില്ലെങ്കിൽ തിങ്കളാഴ്ച മുതൽ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയറുടെ ഓഫീസ് പടിക്കൽ യു.ഡി.എഫ് സത്യാഗ്രഹ സമരം നടത്തും. പാർലമെന്ററി കമ്മിറ്റി സെക്രട്ടറി ലിനി ആന്റണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നോബിൻ പി.ജോൺ, സന്തോഷ് പട്ടണം, ആഷാ ജെയിംസ് എന്നിവർ സംസാരിച്ചു.