ആലപ്പുഴ: ജില്ലാക്കോടതിപ്പാലം നവീകരണവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ഹൈക്കോടതിയിൽ നൽകിയിരുന്ന കേസ് വീണ്ടും മാറ്റി. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴാണ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്. കോടതിപ്പാലത്തിൽ കനാലിന്റെ തെക്കേക്കരയിലെ ഒരു വിഭാഗം വ്യാപാരികളാണ് പുനരധിവാസവും നഷ്ടപരിഹാരവും തേടി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അടുത്തയാഴ്ചയിലും തീരുമാനമുണ്ടാകാതെ വന്നാൽ ക്രിസ്മസ് അവധിക്ക് ശേഷമേ കേസ് പരിഗണിക്കാനിടയുള്ളൂ. അതേസമയം, പ്രതികൂല കാലാവസ്ഥയിലും നഗരം ചിറപ്പുത്സവത്തിന്റെ തിരക്കിലാകും മുമ്പേ പരമാവധി പണികൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കരാർ കമ്പനി.
മത്സ്യകന്യകയ്ക്ക് സ്ഥാനചലനം
1.കനാലിന്റെ വടക്കേക്കരയിൽ രണ്ടാം പൈൽ കോൺക്രീറ്റ് ഘട്ടത്തിലെത്തിനിൽക്കെ, മത്സ്യകന്യകയെ നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള ജോലികൾ പുരോഗമിക്കുകയാണ്. മത്സ്യകന്യകയെ ഏതാനും ദിവസത്തിനകം മുസിരീസ് ഓഫീസ് പരിസരത്തെ കനാൽക്കരയിലേക്ക് മാറ്റും
2.അതിനുശേഷം മത്സ്യകന്യകയിരുന്ന സ്ഥലത്ത് മൂന്നാമത്തെ പില്ലറിനായുള്ള പൈലിംഗ് ആരംഭിക്കും. ചിറപ്പുത്സവം കണക്കിലെടുത്ത് പാലത്തിന് കിഴക്കുവശം കനാലിന്റെ വടക്കേക്കരയിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്തിവന്ന നിർമ്മാണങ്ങൾ താത്‌കാലികമായി നിർത്തിവച്ചിരിക്കുകയാണ്
3.താത്കാലിക ബോട്ട് ജെട്ടിക്കായി മാതാജെട്ടിയിൽ പണികഴിപ്പിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ കൂടി ലഭ്യമാക്കി ബോട്ട് ജെട്ടി അവിടേക്ക് മാറ്റിയശേഷമാകും അവിടെ ഡീവിയേഷൻ റോഡിന്റെ നിർമ്മാണം തുടങ്ങും
4.മുൻ തീരുമാനം അനുസരിച്ച് ഇവിടെ അയൺബ്രിഡ്ജ് നിർമ്മിക്കാൻ കരാർ കമ്പനി തയ്യാറായിരുന്നെങ്കിലും അധിക ചെലവ് കണക്കിലെടുത്ത് തുക റിവൈസ് ചെയ്യണമെന്ന അപേക്ഷ സർക്കാർ അംഗീകരിച്ചില്ല
5.ഇതോടെ,തെങ്ങിൻ കുറ്റികൾ നാട്ടി അതിനുള്ളിൽ മണ്ണ് നിറച്ചും കനാലിലെ ഒഴുക്ക് തടസപ്പെടാതിരിക്കാൻ പൈപ്പുകൾ സ്ഥാപിച്ചും താൽക്കാലിക റോഡ് നിർമ്മിക്കാനാണ് തീരുമാനം
6. ചിറപ്പിന് ശേഷമേ നിർമ്മാണം ആരംഭിക്കാൻ കഴിയൂ. ക്രിസ്മസ്, ചിറപ്പ്, ന്യൂ ഇയർ ആഘോഷങ്ങൾക്ക് ശേഷം ഒരു റിഗ് കൂടി എത്തിച്ച് പാലത്തിന്റെ കിഴക്കേ ഭാഗത്തും പൈലിംഗ് ആരംഭിക്കും
.......................................
വ്യാപാരികളുടെ കേസിൽ കോടതി തീരുമാനം വരേണ്ടതുണ്ട്. ചിറപ്പും ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷവും കഴിഞ്ഞാൽ നിർമ്മാണം വേഗത്തിലാക്കും. കനാലിന്റെ തെക്കേക്കരയിലെ മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്
- കെ.ആർ.എഫ്.ബി, ആലപ്പുഴ