തുറവൂർ:പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിൽ ക്ഷേത്ര പുനർനിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ധ്വജ തൈലാധിവാസവും ചുറ്റമ്പലത്തിന് പാദുകം വയ്പ്പും നാളെ നടക്കും. രാവിലെ 8.30 ന് വല്ലേത്തോട് മൂർത്തിങ്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് പുതിയ കൊടിമരത്തിനുള്ള ഔഷധതൈലവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. 10 നും 10.35 നും മദ്ധ്യേ ഔഷധതൈല സമർപ്പണത്തിന് തുടക്കമാകും. അഖിലാഞ്ജലി ഗ്രൂപ്പ് ചെയർമാൻ പി.ഡി.ലക്കിയും കുടുംബവും ചേർന്ന് ആദ്യ സമർപ്പണം നിർവഹിക്കും. ചടങ്ങിൽ ഔഷധതൈലകുംഭം വഴിപാടായി സമർപ്പിക്കാനായി ഭക്തർക്ക് ദേവസ്വം സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.10.35 ന് പ്രൊഫ.വിമൽ വിജയ് കന്യാകുമാരി പ്രഭാഷണം നടത്തും. 11.55 നും 12.25 നും മദ്ധ്യേ ചുറ്റമ്പലത്തിന്റെ പാദുകം വയ്പ് തോപ്പുംപടി ശ്രീമഹേശ്വരി ക്ഷേത്രം മേൽശാന്തി സതീഷ് ശാന്തി നിർവഹിക്കും. തൈല സമർപ്പണത്തിന് ശേഷം പ്രഭാത ഭക്ഷണ വിതരണവും പാദുകം വയ്പിന് ശേഷം മഹാ അന്നദാനവുമുണ്ടാകും. ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ പി.ഡി.ലക്കി, ജനറൽ കൺവീനർ കെ.കെ.സജീവൻ, കൺവീനർ എൻ.പി.പ്രകാശൻ, ദേവസ്വം പ്രസിഡന്റ് തിരുമല വാസുദേവൻ എന്നിവർ അറിയിച്ചു.