
മാന്നാർ: വിധിക്ക് മുന്നിൽ തളരാതെ പൊരുതി ജീവിത വിജയം നേടിയ പൂർവ വിദ്യാർത്ഥി രഞ്ജിത്തിന് കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂളിന്റെ ആദരം.
ജോലിസ്ഥലത്തെ അപകടത്തെ തുടർന്ന് അരയ്ക്കു താഴെ തളർന്നെങ്കിലും മനക്കരുത്ത് കൊണ്ട് ജീവിതം തിരികെപ്പിടിച്ച മാന്നാർ കുരട്ടിക്കാട് നൂറാട്ട് രഞ്ജിത്ത് ആർ.പിള്ളയെ ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായിട്ടാണ് ശ്രീഭുവനേശ്വരി സ്കൂളിലെ വിദ്യാർത്ഥികൾ വീട്ടിലെത്തി ആദരിച്ചത്.
2007ൽ മുംബയിലുണ്ടായ അപകടമാണ് മാന്നാർ നൂറാട്ടു വീട്ടിൽ രാമൻപിള്ള- ഹൈമ ദമ്പതികളുടെ മകനായ രഞ്ജിത്തിന്റെ ജീവിതം മാറ്റിയെഴുതിയത്. ഇലക്ട്രിക് ഡിപ്ളോമ പാസായ ശേഷം മുംബയിൽ താരാപ്പൂർ സ്റ്റീൽ പ്ലാന്റിൽ സൂപ്പർവൈസറായി ജോലി നോക്കുന്നതിനിടെ ഒരു ദിവസം രാത്രിയിൽ റൂമിലേക്ക് വരുമ്പോൾ രഞ്ജിത്തിന്റെ ബൈക്കിന്റെ നിയന്ത്രണം തെറ്റി ഇരുപത്തിയഞ്ച് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തുടർന്ന്, തളർന്നുപോയ മനസും ശരീരവും തിരികെപ്പിടിച്ച് വീൽചെയറിലിരുന്ന് ഡി.ടി.പിയും ഓൺലൈൻ ജോലികൾ ചെയ്തും ജീവിത മാർഗം കണ്ടെത്തിയ അനുഭവ കഥ രഞ്ജിത്ത് കുട്ടികളുമായി പങ്കുവച്ചു. ചെറിയ പരാജയങ്ങൾ പോലും നേരിടാൻ കഴിയാതെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന ഇന്നത്തെ ബാല്യ, കൗമാരങ്ങൾക്ക് ഉദാത്ത മാതൃകയായ രഞ്‌ജിത്തിന്റെ ജീവിതം അവർക്ക് പ്രചോദനമായി. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ രഞ്ജിത്തിനെ പൊന്നാടയണിയിച്ചു. സ്കൂൾ സെക്രട്ടറി ഗണേഷ് കുമാർ.ജി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.രാജീവൻ എന്നിവർ ചേർന്ന് മെമെന്റോ നൽകി. അദ്ധ്യാപികമാരായ പ്രിയ.ജി.കെ, സുജ ടി.സെയ്ദ് എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി.