
ആലപ്പുഴ : സഹോദരങ്ങളെ കാണാനായി സ്വന്തം വീട്ടിൽ പോയതിന് ഭാര്യയുടെ കഴുത്തിൽ വെട്ടുകത്തി വച്ച് വധഭീഷണി മുഴക്കിയ ഭർത്താവിനെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലിശേരി വാർഡിൽ ചിറയിൽ വീട്ടിൽ നസീർ (46) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. കൂലിപ്പണിക്കാരിയായ നസീറിന്റെ ഭാര്യ ഷക്കീല രാവിലെ ജോലിക്ക് ഇറങ്ങിയപ്പോൾ മകനോട് ചേർത്തലയിലുള്ള വീട്ടിൽ പോയി സഹോദരങ്ങളെ കണ്ടതിനു ശേഷമേ തിരിച്ചെത്തുകയുള്ളുവെന്ന് പറഞ്ഞിരുന്നു. ഇതുകേട്ട നസീർ വൈകിട്ട് നിർമ്മാണ ജോലിക്ക് ശേഷം മദ്യപിച്ചെത്തി വെട്ടുകത്തിയെടുത്ത് ഷക്കീലയുടെ കഴുത്തിൽ അമർത്തുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് ഷക്കീല ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിനുശേഷം നഗരത്തിന്റെ പലയിടങ്ങളിലായി ഒളിച്ചുനടക്കുകയായിരുന്നു നസീർ. സൗത്ത് സി.ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.