raju-ramachandran

# ഡ്രൈവർ റിമാൻഡിൽ

മാന്നാർ: കാർ ഇടിച്ച് സൈക്കിൾ യാത്രികനായ ഹോട്ടൽ ജീവനക്കാരൻ മരിച്ചു. മാന്നാർ കുട്ടമ്പേരൂർ വല്യത്ത് ലൗ ഡേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന രാജു രാമചന്ദ്രൻ (63) ആണ് മരിച്ചത്. കാർ ഡ്രൈവർ ചെറിയനാട് ശശിമംഗലത്തിൽ സൂരജ് ദേവിനെ (37) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ കുറ്റിയിൽ ജംഗ്ഷന് തെക്ക് വശത്ത് വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. മാന്നാർ മലബാർ ഹോട്ടലിലെ ജീവനക്കാരനായ രാജു,​ ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവെ അമിത വേഗതയിലെത്തിയ കാർ പിന്നിൽ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടറുടെ ചാർജ് വഹിക്കുന്ന മാവേലിക്കര സി.ഐ. ശ്രീജിത്ത്, എസ്.ഐ അഭിരാം സി.എസ് എന്നിവരുടെ നേതൃത്വത്തിൽ കാർ കസ്റ്റഡിയിൽ എടുക്കുകയും ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്ന തരത്തിൽ അമിതവേഗതയിൽ വാഹനമോടിച്ചതും ഒരാളുടെ ജീവൻ നഷ്ടപ്പെട്ടതും കണക്കിലെടുത്ത് ഭാരതീയ ന്യായ സംഹിത പ്രകാരം (304 വകുപ്പ്) ഡ്രൈവർക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വർക്കല സ്വദേശിയായ രാജു വർഷങ്ങൾക്ക് മുമ്പേ മാന്നാറിലെത്തി വിവാഹം കഴിച്ച് സ്ഥിര താമസമാക്കിയതാണ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മാമൻ മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് സംസ്കരിക്കും. ഭാര്യ: തങ്കമണി. മക്കൾ: അഖില, അഖിൽ രാജ് (സൗദി).