ഹരിപ്പാട് : ഭാര്യാവീട്ടിലുണ്ടായ വഴക്കിനിടെ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു മർദ്ദനമേറ്റ് മരിച്ച കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. വിഷ്ണുവിന്റെ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിര (31) ,പിതൃസഹോദരങ്ങളായ തണ്ടാശ്ശേരിൽ ബാബുരാജ് (55), പദ്മൻ (53), പൊടിമോൻ (51) എന്നിവരെ വെളളിയാഴ്ച രാവിലെ ഏഴോടെയാണ് ആതിരയുടെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തേക്കാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്. ഒന്നര വർഷത്തിലേറെയായി വിഷ്ണുവും ആതിരയും പിണങ്ങി കഴിയുകയായിരുന്നു. ഇവർക്ക് ആറു വയസ്സുളള കുട്ടിയുണ്ട്. അവധി ദിവസങ്ങളിൽ വിഷ്ണു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഇങ്ങനെ കൊണ്ടുവന്ന കുട്ടിയെ തിരികെവിടാനെത്തിയപ്പോഴാണ് വിഷ്ണുവും ആതിരയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ആതിരയും ബന്ധുക്കളും ചേർന്ന് മർദിക്കുകയും ചെയ്തത്. തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലായ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.