mulla

ആലപ്പുഴ: മുല്ലയ്ക്കൽ - കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ചിറപ്പ് ഉത്സവത്തിനുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും നഗരസഭയും പൊലീസും ഏതാണ്ട് പൂർത്തിയാക്കി കഴിഞ്ഞു. ചിറപ്പ് 16ന് ആരംഭിച്ച് 26ന് സമാപിക്കും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് 19ന് കൊടിയേറും. 26നാണ് ആറാട്ട്.

ചിറപ്പിന് ഇത്തവണ അലങ്കാര ഗോപുരങ്ങൾ ഇല്ലാത്തത് മാറ്റുകുറയ്ക്കും. മുല്ലയ്ക്കൽ എ.വി.ജെ ജംഗ്ഷന് തെക്കുഭാഗത്തും കിടങ്ങാംപറമ്പ് സ്റ്റാച്യു ജംഗ്ഷനിലുമാണ് അലങ്കാര ഗോപുരങ്ങൾ മുൻവഷങ്ങളിൽ നിർമ്മിക്കാറുള്ളത്. റോഡിന്റെ ഇരുവശത്തും നിരക്കുന്ന താത്കാലിക കടകളാണ് ചിറപ്പ് ഉത്സവത്തിന് മാറ്റ് കൂട്ടുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും നഗരത്തിൽ വരും നാളുകളിൽ കൂടുതൽ പൊലീസിനെ നിയോഗിക്കും. കാർഷിക വിഭവങ്ങളുമായി എസ്.ഡി.വി ഗ്രൗണ്ടിൽ ഒരുക്കാറുള്ള കാർഷിക വ്യാവസായിക പ്രദർശനവും തുടർച്ചയായ നാലാം തവണയും ഉണ്ടാവില്ല. ജില്ലാ കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ കഴിയാത്തതാണ് പ്രദർശനം ഉപേക്ഷിക്കാൻ കാരണം.

വഴിവാണിഭ സ്റ്റാളുകൾ നിർമ്മിക്കാനുള്ള സ്ഥല ലേലം അവസാനഘട്ടത്തിലാണ്. നഗരസഭയും പൊതുമരാമത്ത് വിഭാഗവും സംയുക്തമായി അടയാളപ്പെടുത്തിയ പ്ലോട്ടുകളിലാകും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുക.