
ആലപ്പുഴ : വൃശ്ചിക വേലിയേറ്റത്തിലും ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ കണ്ടങ്കരി ഇടക്കറുകനാൽ നാൽപ്പത് പാടത്തിൽ മട വീണു. പുഞ്ചകൃഷിക്കായി വിതച്ച് നെൽച്ചെടികൾ 40 ദിവസം പ്രായമെത്തിയപ്പോഴാണ് മടവീഴ്ചയുണ്ടായത്.
ശനിയാഴ്ച പുലർച്ചെയുണ്ടായ അതിശക്തമായ വേലിയേറ്റത്തിലാണ് പാടത്തിന്റെ പുറംബണ്ട് തകർന്നത്. 425 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 125 ഏക്കർ എടത്വ വില്ലേജിന്റെയും, 300 ഏക്കർ ചമ്പക്കുളം വില്ലേജിന്റെയും പരിധിയിലാണ്. 218 കർഷകരാണ് ഉള്ളത്. 350ലധികം താമസക്കാർ ഈ പാടശേഖരത്തിന്റെ ചുറ്റുബണ്ടിൽ താമസിക്കുന്നുണ്ട്. ഓരോ വർഷവും 120 ലോഡിന് (3 കോടി രൂപ) അടുപ്പിച്ച് നെല്ലുത്പാദനം നടക്കുന്ന പാടമാണിത്.
തകഴി കുന്നമ്മ പടിഞ്ഞാറ്, പുറക്കാട് 180 ഏക്കർ, പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ അറുനൂറും പടവ് പാടശേഖരം, വടക്കേക്കരി, മാടത്താനിക്കരി പാടശേഖരങ്ങളിൽ മഴയിലും കവിഞ്ഞുകയറ്റത്തിലും രണ്ടാംകൃഷിയുടെ കൊയ്ത്തും മുടങ്ങി.
നെൽകർഷക സംരക്ഷണ സമിതിയുടെ പ്രതിനിധികളായ ലാലിച്ചൻ പള്ളിവാതുക്കൽ, ജോമോൻ, ആന്റപ്പൻ, ഷാജി മുടന്താഞ്ഞിലി, സോണിച്ചൻ പുളിങ്കുന്ന് എന്നിവർ മടവീണ പാടശേഖരം സന്ദർശിച്ച് കർഷകർക്ക് പിന്തുണ അറിയിച്ചു.
ആഴ്ചകൾക്കുള്ളിൽ വിതച്ചത് 3 തവണ
1. വൃശ്ചിക വേലിയേറ്റത്തെ തുടർന്നുള്ള കവിഞ്ഞുകയറ്റത്തിൽ വിത നശിച്ച മങ്കൊമ്പ് കൃഷിഭവൻ പരിധിയിലെ തെക്കേ മേച്ചേരി, മേച്ചേരി വാക്ക പാടങ്ങളിൽ ആഴ്ചകൾക്കകം മൂന്ന് തവണയാണ് കർഷകർ വിത നടത്തിയത്
2. മൂന്നാം വിതയിലെ നെൽ വിത്ത് കിളിർക്കുമെന്ന് കരുതിയിരിക്കെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മഴ വീണ്ടും ഭീഷണിയായത്
3. കിളിർത്തുതുടങ്ങിയ നെൽവിത്തുകൾ വെള്ളം കെട്ടിനിന്ന് ചീഞ്ഞുപോകുമോയെന്നതാണ് ഇപ്പോഴത്തെ ഭീതി
4. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയായി വിത കൃഷി നടത്തിയതിന് കർഷകർക്ക് പതിനായിരക്കണക്കിന് രൂപയാണ് ചെലവായത്
കൊയ്ത്തും പ്രതിസന്ധിയിൽ
മഴയും മടവീഴ്ചയും പുളിങ്കുന്ന് , മങ്കൊമ്പ് ഭാഗങ്ങളിലെ കൊയ്ത്തും നെല്ല് സംഭരണവും പ്രതിസന്ധിയിലാക്കി. കൊയ്ത്തിന് പാകമായ അറുനൂറും പടവ് ,വടക്കേക്കരി, മാടത്താനിക്കരി പാടശേഖരങ്ങളിലാണ് പെയ്ത്തുവെളളവും കവിഞ്ഞുകയറ്റവും ഭീഷണിയായത് ഏറ്റവും ഒടുവിൽ വിളവിറക്കിയ ഇവിടെ വരുന്ന ആഴ്ചയാണ് കൊയ്ത്ത് നടക്കേണ്ടത്. കൊയ്ത്ത് യന്ത്രം ഇറക്കുന്നതിന്തടസമാകുന്നതിനൊപ്പം കതിരിലെ ഈർപ്പത്തോത് കൂടാനും മഴയും വെള്ളവും കാരണമാകും. ഇത് മില്ലുകാരുടെ ചൂഷണത്തിനിടയാക്കും. അറുനൂറുംപടവിൽ 46 ഏക്കറും വടക്കേക്കരി, മാടത്താനിക്കരി പാടങ്ങളിൽ 380 ഏക്കറുമാണ് കൊയ്യാനുള്ളത്. തകഴി കുന്നുമ്മ പടിഞ്ഞാറും പുറക്കാട് അപ്പാത്തുക്കരി പാടത്തും മഴയിൽ നെൽച്ചെടികൾ നിലംപതിച്ചതും കൊയ്ത്ത് പ്രതിസന്ധിയിലാക്കി.
ദുരന്ത നിവാരണ അതോറിട്ടിയുടെ കീഴിൽ വരുന്ന ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് മടകുത്താൻ കർഷകർക്ക് സഹായം നൽകണം. മട കുത്തിയശേഷം വെള്ളം വറ്റിക്കാൻ പമ്പ് സെറ്റുകൾ അനുവദിക്കണം
- നെൽകർഷക സംരക്ഷണ സമിതി