ph

കായംകുളം : നാലാമത് ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ജേതാക്കളായി. വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ രണ്ടാമതും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ മൂന്നാമതുമെത്തി.
ആവേശകരമായ ഫൈനലിൽ കായംകുളത്തെ നെട്ടായത്തിന്റെ പകുതിയിലധികവും പത്ത് തുഴപ്പാടുകൾക്ക് പിന്നിട്ടു നിന്ന കാരിച്ചാൽ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പ് നടത്തിയാണ് ഒന്നാമതെത്തിയത്. പത്ത് തുഴപ്പാടുകൾ മറികടന്ന് അര വള്ളപ്പാട് വ്യത്യാസത്തിലാണ് മറ്റുള്ളവരെ പിന്നിലാക്കിയത്.

തലവടി (യു.ബി.സി കൈനകരി), നടുഭാഗം (കുമരകം ടൗൺ ബോട്ട് ക്ലബ്), ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്), മേൽപ്പാടം (കുമരകം ബോട്ട് ക്ലബ്) , പായിപ്പാട് (ആലപ്പുഴ ടൗൺ ബോട്ട് ക്ലബ്), ആയാപറമ്പ് വലിയ ദിവാൻജി (ചങ്ങനാശേരി ബോട്ട് ക്ലബ്) എന്നീ വള്ളങ്ങളാണ് നാല് മുതൽ ഒൻപത് വരെ സ്ഥാനങ്ങളിലെത്തിയത്.

സി.ബി.എൽ പോയിന്റ് പട്ടികയിൽ പള്ളാത്തുരുത്തി ബോട്ട് ക്ളബാണ് ഇപ്പോൾ ഒന്നാമത്. വി.ബി.സി കൈനകരി രണ്ടാമതും നിരണം ബോട്ട് ക്ളബ് മൂന്നാമതുമാണ്. 21 ന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫി ഗ്രാന്റ് ഫിനാലെ മത്സരത്തോടെ ഇക്കൊല്ലത്തെ സി.ബി.എല്ലിന് സമാപനമാകും.
ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നൽകുന്ന സമ്മാനത്തുക. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സി.ബി.എല്ലിന്റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർക്ക് യഥാക്രമം 15,10 ലക്ഷം രൂപ വീതവും ലഭിക്കും.