photo

ചേർത്തല : കാറിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാർക്ക് ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് ദാരുണാന്ത്യം. ബൈക്ക് ഓടിച്ചിരുന്ന പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് പൊന്നാംവെളി ഭാർഗവി നിലയത്തിൽ രാജുവിന്റെയും അംബിയുടേയും മകൻ ജയരാജ് (35), ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം മലയൻകീഴ് ലക്ഷംവീട് കോളനി സുരേഷ് കുമാറിന്റെ ഭാര്യ ചിഞ്ചു (35) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഏഴോടെയായിരുന്നു അപകടം. ചേർത്തലയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു ജയരാജുവും ചിഞ്ചുവും. ബൈക്കിൽ എതിരെ വന്ന കാറിടിച്ചതിനെത്തുടർന്ന് ഇരുവരും അതേദിശയിൽ പോവുകയായിരുന്ന ട്രെയിലറിനടിയിലേക്ക് തെറിച്ചുവീണു. ട്രെയിലറിന്റെ ചക്രങ്ങൾ ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ജയരാജിനെ ചേർത്തല കെ.വി.എം.ആശുപത്രിയിലും ചിഞ്ചുവിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു അവിവാഹിതനായ ജയരാജ്. സഹോദരങ്ങൾ : സന്ധ്യ,രാജലക്ഷ്മി.