s

ചേർത്തല : നിർമ്മാണത്തിന്റെ ഭാഗമായി ഏർപ്പെടുത്തുന്ന അശാസ്ത്രീയ സംവിധാനങ്ങൾ ദേശീയപാതയെ ചോരക്കളമാക്കുന്നു. എല്ലായിടത്തും നിർമ്മാണ കരാർ കമ്പനി അധികൃതരാണ് താൽക്കാലികമായ ഗതാഗത നിയന്ത്രണസംവിധാനമൊരുക്കുന്നത്.
ഇത്തരം നിയന്ത്രണങ്ങളിലെ അശാസ്ത്രീയതക്കെതിരെ പൊലീസും മറ്റു വകുപ്പുകളും ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഗതാഗതം വഴിതിരിച്ചുവിടുന്നയിടങ്ങളിൽ മതിയായ വെളിച്ചസംവിധാനം പോലും ഏർപ്പെടുത്തിയിട്ടില്ല. വാഹനനങ്ങൾ അടുത്തുവരുമ്പോഴാണ് പലപ്പോഴും മുന്നറിയിപ്പ് ബോർഡുകൾ കാണുന്നത്.

ദിനംപ്രതി നിരവധി അപകടങ്ങളാണ് നിർമ്മാണം നടക്കുന്ന ദേശീയപാതയിൽ ഉണ്ടാകുന്നത്. ശനിയാഴ്ച സന്ധ്യയോടെ സെന്റ് മൈക്കിൾസ് കോളേജിനു മുന്നിൽ ബൈക്ക് യാത്രികരായ പട്ടണക്കാട് സ്വദേശി ജയരാജും(35) തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി ചിഞ്ചുവും(35) ട്രെയിലർ ലോറിക്കടിയിൽപ്പെട്ട് മരിച്ചതാണ് ഏറ്റവും ഒടുവിലായി ചേർത്തല മേഖലയിലുണ്ടായ അപകടം.

ചേർത്തലയിൽ ഒരു മാസത്തിനിടെ 6 മരണം

 ഒരു മാസത്തിനിടെ ദേശീയ പാതയിൽ ചേർത്തല ഭാഗത്തുമാത്രം ആറുപേരാണ് വ്യത്യസ്തഅപകടങ്ങളിൽ മരിച്ചത്

 നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താൽക്കാലികമായുണ്ടാക്കിയ സംവിധാനങ്ങൾ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നു

 വികസനത്തിന്റെ ഭാഗമായി വഴിവിളക്കുകളെല്ലാം നീക്കിയതിനാൽ പാതയിൽ വെളിച്ചവുമില്ല
 ദേശീയപാതയിലെ വാഹനപരിശോധനകളിൽ നിന്ന് പൊലീസ് പൂർണമായും പിൻമാറിയ സ്ഥിതിയാണ്