d

ആലപ്പുഴ : പ്രളയകാലത്ത് കരതേടി കരയുന്ന കന്നുകാലികളുടെ സങ്കടക്കാഴ്ചയ്ക്ക് അറുതിവരുത്താനായി ലക്ഷ്യമിട്ട സംസ്ഥാനത്തെ ആദ്യ മൾട്ടിപർപ്പസ് എലിവേറ്റഡ് കാറ്റിൽഷെഡിന്റെ (വിവിധോദ്ദേശ ഉയര കാലിത്തൊഴുത്ത്) ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും ജല, വൈദ്യുതി കണക്ഷനുകൾ ലഭ്യമാക്കിയില്ല. 2019ന് ശേഷം വലിയ വെള്ളപ്പൊക്കമുണ്ടാകാത്തതിനാൽ കാറ്റിൽഷെഡിൽ ഒരു പശുവിന് പോലും 'അഡ്മിഷൻ' എടുക്കേണ്ടിയും വന്നിട്ടില്ല. ചമ്പക്കുളം ബ്ലോക്കിൽ നെടുമുടി ഗ്രാമപഞ്ചായത്തിൽ ചെമ്പുംപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്താണ് ഷെഡ്.

കഴിഞ്ഞവർഷങ്ങളിലെ വെള്ളപ്പൊക്ക കാലത്ത് കാലികളെ ഇവിടെയെത്തിക്കാൻ ക്ഷീരവകുപ്പ് നിർദ്ദേശം നൽകിയിരുന്നെങ്കിലും, അവയെ ലോറിയിൽ എത്തിക്കുന്നതിനുള്ള സാമ്പത്തിക,സാങ്കേതിക പ്രയാസങ്ങൾ കണക്കിലെടുത്തപ്പോൾ കാലികളെ വീടുകളിലെ വെള്ളത്തിലായ തൊഴുത്തുകളിൽ തന്നെ പാർപ്പിക്കുകയായിരുന്നു കർഷകർ. ഇവിടെ കാലികളെ എത്തിച്ചാലും, നോക്കാൻ ഉടമസ്ഥർ തന്നെ വന്നു നിൽക്കേണ്ടിവരും. പേരിൽ വിവിധോദ്ദേശ്യമെന്ന് ഉണ്ടെങ്കിലും രണ്ട് നിലകളും ഇതേ വരെ ഒരു യോഗത്തിന് വേണ്ടി പോലും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. വേനൽക്കാലത്ത് സുലഭമായി ലഭിക്കുന്ന കച്ചി സൂക്ഷിച്ച് വയ്ക്കാൻ മാത്രമാണ് ഷെഡ് ഉപയോഗിച്ചുവരുന്നത്.

വൈദ്യുതിയില്ലെങ്കിലും ലിഫ്ടുണ്ട് !

1. വൈദ്യുതിയില്ലെങ്കിലും, കാലികളെ പാർപ്പിച്ചുകഴിഞ്ഞാൽ തീറ്റ മുകളിലെത്താൻ ലിഫ്റ്റ് സംവിധാനമടക്കം സജ്ജമാണ്

2. അടിയന്തര സാഹചര്യത്തിൽ മനുഷ്യരെ മാറ്റി പാർപ്പിക്കേണ്ടി വന്നാലും നെടുമുടിക്കാർ ആദ്യംആശ്രയിക്കുന്നത് ഈ മൂന്ന് നില കെട്ടിടത്തെയാകും

3. മൂന്നു നിലകളിലായാണ് ക്ഷീരവികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ നിർമ്മിച്ചത്

4. പാൽസംഭരണം, പാൽപരിശോധന മുറികൾ, സംഘം ഓഫീസ്, കാലിത്തീറ്റ ഗോഡൗൺ, യോഗംകൂടാനുള്ള മുറികൾ എന്നിവ കെട്ടിടത്തിന്റെ താഴത്തെ നിലയിലുണ്ട്

കാറ്റിൽ ഷെഡിന്റെ വിസ്തീർണം (ചതുരശ്ര അടിയിൽ)

5496

ചെലവ് (കോടിയിൽ)

₹1.80

കാറ്റിൽ ഷെഡ്

 ഒന്നാം നിലയിൽ 70 - 75 പശുക്കളെ പാർപ്പിക്കാം

 രണ്ടാം നിലയിൽ 30 -35 പശുക്കളെ പാർപ്പിക്കാം

ചാണകം, മൂത്രം സംഭരണത്തിന് ടാങ്കുകൾ

പ്രളയസമാന സാഹചര്യമില്ലെങ്കിലും കെട്ടിടത്തിൽ ജല, വൈദ്യുതി ലഭ്യത ഉറപ്പുവരുത്താനുള്ള ബാദ്ധ്യത ക്ഷീരവകുപ്പിനുണ്ട്. എന്തെങ്കിലും അടിയന്തരസാഹര്യമുണ്ടായാൽ മനുഷ്യരെ സുരക്ഷിത കേന്ദ്രത്തിലാക്കാനുള്ള ആദ്യആശ്രയവും ഇതേ കെട്ടിടമാണ്

- കുഞ്ഞുമോൻ, ജനപ്രതിനിധി