kalargode

ആലപ്പുഴ: രണ്ടാഴ്ച മുമ്പ് ആറ് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ജീവനെടുത്ത വാഹനാപകടമുണ്ടായ കളർകോട് ഇപ്പോഴും ദുരന്തം പതിയിരിക്കുന്ന മേഖലയായി തുടരുന്നു. ട്രാൻസ്പോർട്ട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെ സന്ദ‌ർശനത്തിൽ കളർകോട് ജംഗ്ഷനിലെ അപകടകരമായ സാഹചര്യങ്ങൾ വിലയിരുത്തിയെങ്കിലും വഴിവക്കിലെ പോസ്റ്റുകളിലെ ഫ്യൂസായ ബൾബുകൾ മാറ്റിയതൊഴിച്ചാൽ കാര്യമായ സുരക്ഷാനടപടികളൊന്നും കൈക്കൊണ്ടിട്ടില്ല.

ദേശീയപാതയിൽ നിന്ന് ചങ്ങനാശേരി റോഡ് ആരംഭിക്കുന്ന കളർകോട് ചങ്ങനാശേരി മുക്കിലെ സിഗ്നൽ പോയിന്റിൽ നിന്നും 70 മീറ്റർ വടക്കുമാറിയാണ് ഡിസംബർ 2ന് രാത്രി മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാറും ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ചത്. ശനിയാഴ്ച ബൈക്ക് യാത്രികരായ രണ്ടുപേർ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിന് മുൻവശം കണ്ടെയ്നറിനടിയിൽപ്പെട്ട് മരിച്ചതാണ് അടുത്തിടെ ജില്ലയെ നടുക്കിയ മറ്റൊരു അപകടം.

എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്ന തുറവൂർ- അരൂർ പാത, ആലപ്പുഴ ബൈപ്പാസ്, പുന്നപ്ര, കുറവൻതോട്, പുറക്കാട്, കരുവാറ്ര കന്നുകാലിപ്പാലം, ചേപ്പാട് കാഞ്ഞൂർ ഭാഗം, കരീലക്കുളങ്ങര എന്നിവയാണ് ജില്ലയിൽ ദേശീയപാതയിലെ അപകടമേഖലകൾ.

അപകടകേന്ദ്രങ്ങൾ സുരക്ഷിതമാക്കാൻ വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള ആക്ഷൻ പ്ളാൻ,

സിഗ്നൽസംവിധാനം രാത്രി പത്തുവരെ പ്രവർത്തിപ്പിക്കുക, റോഡുവശങ്ങളിലെ കൈയേറ്റങ്ങളും കാഴ്ചമറയ്ക്കുന്ന മരങ്ങളും വള്ളിപ്പടർപ്പുകളും നീക്കംചെയ്യുക, റോഡുകളിൽ മുന്നറിയിപ്പ് ബോ‌ർഡുകൾ സ്ഥാപിക്കുക തുടങ്ങിയവ നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ജില്ലയിൽ 6മാസത്തിനകം

അപകടങ്ങൾ

അപകടങ്ങൾ ......843

മരണം..................126

പരിക്ക്..................1473