
അമ്പലപ്പുഴ : ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി അമ്പലപ്പുഴ ക്ഷേത്രത്തിൽ അമ്പലപ്പുഴ യോഗം പേട്ട സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അന്നദാനത്തിന്റെ മുപ്പതാം ദിവസം വഴിപാടായി നടത്തി എരുമേലിയിൽ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലിൽ വാവർ പ്രതിനിധികളായി പങ്കെടുക്കുന്ന എരുമേലി താഴത്തുവീട്ടിൽ കുടുംബം.
താഴത്തുവീട്ടിൽ കുടുംബം മണ്ഡലകാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ ഒരു ദിവസത്തെ അന്നദാനം നടത്തിവരികയാണ്. എരുമേലി വാവർ പള്ളി വകയായും ക്ഷേത്രത്തിൽ ഒരു ദിവസത്തെ അന്നദാനം നടത്താറുണ്ട്. എരുമേലിയിലെ മതസൗഹാർദ്ദം പോലെ തന്നെ ശ്രദ്ധയാകർഷിക്കുന്നതാണ് അമ്പലപ്പുഴയിലെ ഈ അന്നദാനവും.
മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ മുന്നോട്ടു വച്ച നിർദ്ദേശം ഉൾക്കൊണ്ടാണ് താഴത്തുവീട്ടിൽ കുടുംബവും വാവര് പള്ളിയും ക്ഷേത്രത്തിലെ ഓരോ ദിവസത്തെ അന്നദാന നടത്തിപ്പിന് തുടക്കംകുറിച്ചത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇത് ഇന്നും തുടരുന്നു. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, ജോയിന്റ് സെക്രട്ടറി വിജയ് മോഹൻ, ആർ.മധു വേലംപറമ്പ് എന്നിവർ ചേർന്ന് താഴത്തുവീട്ടിൽ കുടുംബസംഘത്തെ സ്വീകരിച്ചു.
പാൽപ്പായസവുമായി മടക്കം
നിലവിളക്കിന് മുന്നിൽ ഇലയിൽ വിഭവങ്ങൾ വിളമ്പിയ ശേഷം താഴത്തുവീട്ടിൽ കുടുംബപ്രതിനിധികളും സ്വാമിമാർക്കൊപ്പം ഊട്ടുപുരയിൽ ഭക്ഷണം കഴിച്ചു. തുടർന്ന് മുൻ സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ വീട്ടിലെത്തി വാവർ പ്രതിനിധി ടി.എച്ച്. ആസാദ് പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്ര നിവേദ്യമായ പാൽപ്പായസവും വാങ്ങിയാണ് സംഘം മടങ്ങിയത്. എരുമേലി പേട്ടതുള്ളലിന് തലേദിവസം അമ്പലപ്പുഴ സംഘം ഭാരവാഹികൾ താഴത്തു വീട്ടിൽ സൗഹൃദസന്ദർശനം നടത്തുന്നതും പതിവാണ്. വാവർ പ്രതിനിധിയെ കൂടാതെ കുടുംബ പ്രതിനിധികളായ ടി.എച്ച്.തജൻ, ടി.എച്ച്.ഹബീബ്, അൽ അമീൻ, ഷാഹിദ, ആബിദ്, റെജി ബേക്കർ, ഷുമൈയിൽ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.