
ആലപ്പുഴ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ, ജനറൽ ആശുപത്രി ജംഗ്ഷനിൽ മേൽപ്പാലത്തിന് പകരമുള്ള നിർദ്ദിഷ്ട നാലുവരിപ്പാതയുടെ സാദ്ധ്യതാ റിപ്പോർട്ട് കിഫ്ബിയുടെയും സർക്കാരിന്റെയും അംഗീകാരത്തിന് ഈയാഴ്ച സമർപ്പിക്കും.
മേൽപ്പാലത്തിനെക്കാൾ കുറഞ്ഞ ചെലവിൽ നാലുവരിപ്പാത നിർമ്മാണവും ജംഗ്ഷൻ വികസനവും പൂർത്തിയാക്കാമെന്ന കിഫ് ബി നിർദേശം അംഗീകരിച്ച് നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ഡവലപ്മെന്റ് ബോർഡാണ് നാലുവരിപ്പാതയ്ക്കായി റിപ്പോർട്ട് തയ്യാറാക്കിയത്.
ടി.ഡി സ്കൂളിന് മുന്നിൽ തുടങ്ങി കേരള ബാങ്കിന് മുൻവശം അവസാനിക്കും വിധം അരകിലോമീറ്ററിലധികം ദൂരത്തിലാണ് നാലുവരിപ്പാത. 3.5 മീറ്റർ വീതിയിൽ രണ്ട് വരികളായി ഇരുവശത്തേക്കും 14 മീറ്രറാണ് വാഹന സഞ്ചാരത്തിന് നിശ്ചയിച്ചിട്ടുള്ളത്. ഒരുമീറ്റർ വീതിയിൽ
നിലവിലെ റോഡിന്റെ മദ്ധ്യഭാഗത്ത് ഡിവൈഡറും റോഡിന്റെ വശത്ത് വെള്ളമൊഴുകിപ്പോകാനുള്ള സംവിധാനത്തോടെ കാൽനടയാത്രക്കാർക്കായി 1.8 മീറ്റർ വീതിയിൽ ഇരുവശത്തും ഫുഡ്പാത്തും വരും.
ഗേൾസ് സ്കൂളിന് മുന്നിലും എതിർവശത്തും നിലവിലെ ബസ് സ്റ്റോപ്പുകളുടെ സ്ഥാനത്ത് ബസ് ബേയും നിർമ്മിക്കും. വാഹനങ്ങൾ നിർത്തുന്നതിനും കാത്തിരിപ്പ് കേന്ദ്രത്തിനുമായി ഇവിടെ കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും. ഇതൊഴികെ മേൽപ്പാലത്തിന് ആവശ്യമായ പകുതിയിൽ താഴെ സ്ഥലം മാത്രമാണ് നാലുവരിപ്പാതയ്ക്ക് വേണ്ടിവരുന്നത്. സാദ്ധ്യതാ റിപ്പോർട്ട് കിഫ് ബിയും സർക്കാരും അംഗീകരിച്ചാൽ ഉടൻ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കലും ഭൂമി ഏറ്റെടുക്കൽ നടപടികളും ആരംഭിക്കും.
ഗതാഗതക്കുരുക്ക് അഴിയും
1.പഴയ ദേശീയ പാതയുടെ ഭാഗമായ കളർകോട് - ജനറൽ ആശുപത്രി - ബോട്ട് ജെട്ടി റോഡിലെ ഗതാഗതക്കുരുക്കിനും ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നലിലെ കാത്തുകിടപ്പിനും പരിഹാരമാകും
2.നാലുവരിപ്പാതയ്ക്കൊപ്പം ബീച്ച് റോഡിലേക്കും തിരികെയും വാഹനങ്ങൾക്ക് ഫ്രീലെഫ്റ്റ് തിരിയാൻ കഴിയും വിധം ജംഗ്ഷൻ വികസിപ്പിക്കും
3.ടി.ഡി സ്കൂളിൽ നിന്നും കളക്ട്രേറ്റ് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് അനുവദിച്ചാൽ ഇപ്പോഴത്തെ കാത്ത് കിടപ്പിനും ഗതാഗത കുരുക്കിനും പരിഹാരമാകും
................................................
ഫ്ളൈ ഓവറിന് വേണ്ടത് :
2.34 ഏക്കർ
നാലുവരിപ്പാതയ്ക്ക് വേണ്ടത് :
1.23 ഏക്കർ
(ബസ് ബേ കൂടാതെ)
................................................................
സാദ്ധ്യതാ റിപ്പോർട്ട് ഈ ആഴ്ച സമർപ്പിക്കും. കോടതിപ്പാല നവീകരണത്തിരക്ക് കാരണമാണ് വൈകിയത്. റിപ്പോർട്ട്അംഗീകരിച്ചാൽ ഡി.പി.ആർ തയ്യാറാക്കാൻ നടപടി ആരംഭിക്കും
- കെ.ആർ.എഫ്.ബി , ആലപ്പുഴ