
ആലപ്പുഴ : കരമടച്ച രസീതിന്റെ മാതൃകയിൽ കല്യാണക്കുറിയൊരുക്കി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ.ബി.ഭജലാൽ, വധു ഗവ. സ്കൂൾ അദ്ധ്യാപിക ആതിര.
തണ്ണീർമുക്കം കണ്ണങ്കര കാട്ടിപ്പറമ്പിൽ ഭക്തവത്സലന്റെയും ഓമനയുടെയും മകൻ ഭജലാൽ നാല് വർഷമായി വില്ലേജ് ഓഫീസ് ജീവനക്കാരനാണ്.
കരമടച്ച രസീത് എന്നേ ക്ഷണക്കത്ത് കണ്ടാൽ തോന്നു. സാധാരണ രീതിയിലുള്ള ക്ഷണക്കത്തിന് പുറമേയാണ് സഹപ്രവർത്തകരെ സോഷ്യൽമീഡിയ വഴി ക്ഷണിക്കാൻ കരം രസീത് മാതൃകയാക്കിയത്. എറണാകുളം പള്ളുരുത്തി വില്ലേജിലെ ജീവനക്കാരനായ ഭജലാൽ ക്ഷണക്കത്ത് ആദ്യം അയച്ചത് ഫോർട്ട് കൊച്ചി സബ്കളക്ടർ കെ.മീരയ്ക്കായിരുന്നു.പിന്നാലെ മറ്റു ജീവനക്കാർക്കും അയച്ചു സബ് കളക്ടർ മുതൽ കുറി കിട്ടിയ ജീവനക്കാരെല്ലാം ആദ്യം അമ്പരന്നു. കുറി സോഷ്യൽ മീഡിയയിൽ ഇട്ടതോടെ വൈറലായി. സർക്കാർ മുദ്രയുടെ സ്ഥാനത്ത് ഗണപതിയുടെ ചിത്രമാണ്. വരന്റെയും വധുവിന്റെയും എല്ലാ വിവരങ്ങളും തനത് കരം രസീതിലെ വിവരങ്ങൾപോലെ നൽകി. വിവാഹസത്ക്കാരവേദി ക്യു ആർ കോഡായും നൽകി. വധു ചേർത്തല തെക്ക് സി.എം.സി 21ൽ വിനോഷിന്റെയും ഉഷാകുമാരിയുടെയും മകൾ വെള്ളിയാകുളം ഗവ. സ്കൂൾ അദ്ധ്യാപിക ആതിര. വിനോഷിന്റെ വീട്ടിൽ ഇന്നലെ 11നും 11.30നുമിടയിലായിരുന്നു വിവാഹം.