ആലപ്പുഴ: സിനിമതാരവും ഭിന്നശേഷിക്കാരനുമായ അറുമുഖന് പ്രവാസിയുടെ വകയായി മുച്ചക്ര സ്കൂട്ടർ സമ്മാനം. ആലപ്പുഴ മുല്ലയ്ക്കൽ ആലപ്പുഴ സീറോ ജംഗ്ഷന് സമീപം കുട റിപ്പയറിംഗ് കട നടത്തുന്ന തത്തംപള്ളി തറയ്ക്കൽ വീട്ടിൽ അറുമുഖന് (47) പുളിമൂട്ടിൽ ടവറിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ജി. സുധാകരനാണ് മുച്ചക്ര സ്കൂട്ടർ സമ്മാനിച്ചത്.

അറുമുഖന്റെ വിവരങ്ങൾ യു ട്യൂബ് വീഡിയോയിലൂടെ അറിഞ്ഞ ആലപ്പുഴ സ്വദേശിയായ പ്രവാസി ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്തുന്നതിനിടെയാണ് അറുമുഖനുണ്ടായിരുന്ന സ്കൂട്ടർ തകരാറിലായവിവരം അറിഞ്ഞത്. ഓട്ടത്തിൽ ഇടയ്ക്കിടെ ഓഫായി പോകുന്നതായിരുന്നു പ്രശ്നം. സ്കൂട്ടറില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞ പ്രവാസി തന്റെ പേര് വെളിപ്പെടുത്തരുതെന്ന ഉപദേശത്തോടെ അറുമുഖന് സ്കൂട്ടർ വാഗ്ദാനം ചെയ്തദ. സ്കൂട്ടർ ഓഫർ ചെയ്ത പ്രവാസി പുളിമൂട്ടിൽ ഷോപ്പിംഗ് കോംപ്ളക്സ് ഉടമയായ സുനിൽദത്ത് മുഖേന പുതിയ സ്കൂട്ടർ വാങ്ങി നൽകുകയായിരുന്നു. ഇഷ്ടനേതാവായ മുൻ മന്ത്രി ജി.സുധാകരനെകൊണ്ട് വാഹനം അറുമുഖന് സമ്മാനിക്കണമെന്നതും പ്രവാസിയുടെ നിർബന്ധമായിരുന്നു.

അറുമുഖന് സ്കൂട്ടർ സമ്മാനിക്കാൻ സൻമനസ് കാണിച്ച പ്രവാസിയെയും മുൻകൈയെടുത്ത പുളിമൂട്ടിൽ ഗ്രൂപ്പിനെയും ജി. സുധാകരൻ അഭിനന്ദിച്ചു. ചടങ്ങിൽ ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസർ, ഗുരുദയാൽ, ഇ.എം ഷിബി, അൽത്താഫ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ സംബന്ധിച്ചവർക്ക് അറുമുഖൻ നന്ദിപറഞ്ഞു.

ഇതിനോടകം 25 ഓളം സിനിമകളിൽ അറുമുഖൻ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കടയിൽ സഹായിയായുള്ള രാധികയാണ് ഭാര്യ. വിദ്യാർത്ഥികളായ ആര്യ, ആഗ്ര എന്നിവർ മക്കളാണ് .