ആലപ്പുഴ: ബൈപ്പാസിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18 ആം വാർഡിൽ കാട്ടൂർ കിഴക്ക് വലിയ തയ്യിൽ വീട്ടിൽ ഡൊമിനിക്കിനാണ് (47) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 6.30 ഓടെ ആലപ്പുഴ ബൈപ്പാസിലായിരുന്നു അപകടം. നെടുമുടി ഭാഗത്തെ കാറ്ററിംഗ് സ്ഥാപനത്തിൽ ഷെഫും ഡ്രൈവറുമായ ഡൊമിനിക്ക് ജോലികഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങും വഴി എതിർദിശയിൽ നിന്ന് വന്ന ലോറി ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ഡൊമിനിക്കിന് തലയ്ക്കാണ് പരിക്കേറ്റത്. അന്യസംസ്ഥാനക്കാരനായ ലോറി ഡ്രൈവറും മറ്റ് യാത്രക്കാരും ചേർന്ന് ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകൾക്കും പരിക്കേറ്റ ഡൊമിനിക്കിനെ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാക്കി. സൗത്ത് പൊലീസും ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗവും വാഹനങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചു.