road

ആലപ്പുഴ: സ്ഥിരം അപകടമേഖലയായ ബൈപ്പാസിൽ അപകടക്കെണിയൊരുക്കി അറ്റകുറ്റപ്പണി. കൊമ്മാടിയിൽ നിന്ന് കളർകോടേക്കുള്ള ബൈപ്പാസിൽ മാളികമുക്ക് ഭാഗമാണ് ബൈപ്പാസിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഫൈബർ നിർമ്മിത താൽക്കാലിക ബാരിക്കേഡുകൾ നിരത്തി അടച്ചിരിക്കുന്നത്. കൊമ്മാടിയിൽ നിന്ന് കളർകോട് ഭാഗത്തേക്കുള്ള റോഡ് അടച്ചിരിക്കുന്നതിനാൽ എതിർദിശയിൽനിന്നുള്ള വാഹനങ്ങൾ കടന്നുപോകേണ്ട ഭാഗത്തുകൂടിയാണ് ഇരുവശത്തേക്കുമുള്ള ഗതാഗതം. വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ ഇരുൾ മൂടിയ ഇവിടെ വാഹനങ്ങൾ അടുത്തുവരുമ്പോൾ മാത്രമാണ് റോഡ് അടച്ചത് ശ്രദ്ധയിൽപ്പെടുക. ഒരാഴ്ച മുമ്പ് കളർകോട് അപകടത്തിൽ ആറു വിദ്യാർത്ഥികളും ഇന്നലെ ചേർത്തലയിൽ രണ്ട് ബൈക്ക് യാത്രക്കാരും അപകടത്തിൽ മരിച്ചിട്ടും ദേശീയ പാതയുടെ ഭാഗമായ ബൈപ്പാസിൽ മതിയായ മുന്നറിയിപ്പുകളോ സൂചനകളോ ഇല്ലാതെയുള്ള അറ്റകുറ്റപ്പണി അപകടങ്ങൾ വർദ്ധിക്കാനാകും ഇടയാക്കുക. സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് ബൈപ്പാസിൽ സ്കൂട്ടർ യാത്രക്കാരനും ഇന്നലെ രാത്രി പരിക്കേറ്റിരുന്നു.