ആലപ്പുഴ : ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കേക്ക് വിപണി സജീവമായി തുടങ്ങി. പരമ്പരാഗത രുചികൾ മുതൽ പുത്തൻ രുചിക്കൂട്ടുകളുമായുള്ളവയടക്കം വ്യത്യസ്തയിനം പ്ലംകേക്കുകളാണ് വില്പനക്കെത്തിയിട്ടുള്ളത്. പ്രമേഹരോഗികൾക്കായി ഷുഗ‌ർ ഫ്രീ കേക്കുകളും കൂട്ടത്തിലുണ്ട്.

മറ്റ് സമയങ്ങളിൽ ക്രീം കേക്കുകൾക്കാണ് ഉപഭോക്താക്കൾക്ക് പ്രിയമെങ്കിലും ക്രിസ്മസ് അടുക്കുന്നതോടെ പ്ലം കേക്കിന് ആവശ്യക്കാരേറും. രണ്ട് മാസം മുമ്പേ തുടങ്ങിയ തയാറെടുപ്പുകളോടെയാണ് പല ഉത്പാദകരും വിപണിയിൽ കേക്കുകൾ എത്തിച്ചിരിക്കുന്നത്. കേക്ക്, വൈൻ, ചോക്ലേറ്റ് എന്നിവടയങ്ങിയ ക്രിസമസ് - ന്യു ഇയർ ഹാമ്പർ സമ്മാനങ്ങളും ലഭ്യമാണ്.

വിവിധ കേക്ക് ബ്രാൻഡുകൾ സിഗ്നേച്ചർ ഐറ്റം എന്ന നിലയിലും പ്ലം കേക്ക് വിപണിയിലിറക്കിയിട്ടുണ്ട്. കേക്ക്, ഈന്തപ്പഴം, ചോക്ലേറ്റ്, വാഴപ്പഴം, പൈനാപ്പിൾ തുടങ്ങി വിവിധ ഫ്ലേവറുകളിലാണ് പ്ലം കേക്കുകൾ.

യൂ ട്യൂബ് നോക്കി കേക്ക് നിർമ്മാണം പഠിച്ച പലരും വ്യാപാര രംഗത്തേക്ക് പ്രവേശിക്കുന്നുണ്ട്. ക്രിസ്മസ് - പുതുവത്സരം പ്രമാമിച്ച് പരിചയക്കാരിൽ നിന്ന് ഓർഡറും ലഭിക്കും. ഫേസ്ബുക്കും വാട്‌സപ്പും വഴിയാണ് കച്ചവടം. എന്നാൽ ഇത്തരത്തിൽ അറിവില്ലായ്മ തുടർന്നാൽ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ രജിസ്‌ട്രേഷനും, ലൈസൻസും, നിർബന്ധമാണ്.

വീട്ടിലെ കേക്ക് കച്ചവടത്തിന്

വേണം ലൈസൻസ്

 വീട്ടിൽ വൈനും, കേക്കും തയ്യാറാക്കി ക്രിസ്മസ് വിപണിയിലെത്തിക്കാൻ ലക്ഷ്യമിടുന്നവർ നിയമം പാലിച്ചില്ലെങ്കിൽ പിടി വീഴും

 ഒരു ലക്ഷം രൂപ പിഴ മുതൽ പത്ത് വർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണ് വീട്ടിൽ ലൈസൻസില്ലാതെയുള്ള വൈൻ ഉത്പാദനം

 നോൺ ആൽക്കഹോളിക്ക് വൈൻ എന്ന ന്യായീകരണത്തിന് പ്രസക്തിയില്ല

 ഹോം മെയ്ഡ് കേക്ക് വിൽപ്പന നടത്തണമെങ്കിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസ് നിർബന്ധമാണ്

പ്ലം കേക്ക് വില

100 രൂപ മുതൽ - 900 രൂപ വരെ

വ്യത്യസ്ത രുചികൾ

 ക്ലാസിക്ക് പ്ലം

 റിച്ച് പ്ലം

 ചോക്ലേറ്റ് പ്ലം

 സ്പൈസ്ഡ്

 ആൽമണ്ട്, ഫ്രൂട്ട് ആൻഡ് നട്ട്

 റം സോക്ക്ഡ്

 ലെമൻ പ്ലം

 കാരറ്റ് പ്ലം

 ബനാന പ്ലം

ക്രിസ്മസ് വരവറിയിക്കുന്നതാണ് പ്ലം കേക്കുകൾ. ആവശ്യക്കാരെത്തി തുടങ്ങി. കേക്കിന്റെ തൂക്കവും മാർദ്ദവവും, രുചിയുമനുസരിച്ച് നിരക്കിൽ വലിയ വ്യത്യാസമുണ്ട്

- കല, വ്യാപാരി