ആലപ്പുഴ : കാട്ടുപന്നിശല്യം രൂക്ഷമായ വള്ളികുന്നമുൾപ്പെടെയുള്ള കാർഷികഗ്രാമങ്ങളെ രക്ഷിക്കാൻ സൗരവേലി പദ്ധതിയുമായി കൃഷിവകുപ്പ്. സർക്കാർ സബ്സിഡിയോടെ നടപ്പാക്കുന്ന പദ്ധതി കൃഷിവകുപ്പിന്റെ സാങ്കേതികവിഭാഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.
കാട്ടുപന്നികളുടെ താവളങ്ങളായി കണക്കാട്ടിയിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അവ പുറത്തേക്ക് ഇറങ്ങുന്നത് തടയുന്നതിനായി സൗരവേലി സ്ഥാപിക്കും. വളളികുന്നം കൃഷിഓഫീസർ നിഖിൽ ആർ.പിള്ളയാണ് കൃഷി വകുപ്പിനുവേണ്ടി പദ്ധതി തയ്യാറാക്കിയത്.
ചാരുംമൂട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ വള്ളികുന്നംആതാമരക്കുളം, ഭരണിക്കാവ്,ചുനക്കര, നൂറനാട്, പാലമേൽ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. നാലുവർഷം മുമ്പാണ് ചാരുംമൂട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കാട്ടുപന്നിശല്യത്തിന്റെ തുടക്കം. ഏതാനും വർഷങ്ങൾക്കകം കാട്ടുപന്നിശല്യം വ്യാപകമാകുകയും ജനങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതോടെയാണ് പന്നിയെ തുരത്താനുള്ള നടപടികൾ ശക്തമാക്കിയത്. വള്ളികുന്നത്ത് കഴിഞ്ഞ ഏതാനുംമാസങ്ങൾക്കകം അരഡസനിലധികം പേരെയാണ് പട്ടാപ്പകൽ കാട്ടുപന്നി ആക്രമിച്ചത്.
അരക്കോടി രൂപ ചെലവാകും
രാഷ്ട്രീയ കൃഷി വികാസ് യോജനാ സ്കീമിൽ ഉൾപ്പെടുത്തി അരക്കോടിരൂപയുടെ ചെലവാണ് സൗരവേലിക്ക് പ്രതീക്ഷിക്കുന്നത്.
ഏതാനും മാസങ്ങൾക്കകം വള്ളികുന്നം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ 60ഹെക്ടറിലേറെ സ്ഥലത്തെ കൃഷിയാണ് കാട്ടുപന്നി നശിപ്പിച്ചത്
വെറ്റില,വാഴ,തെങ്ങ്,കിഴങ്ങുവർഗങ്ങൾ,മരച്ചീനി,പച്ചക്കറി തുടങ്ങി ലക്ഷങ്ങളുടെ കൃഷിയാണ് അഞ്ച് പഞ്ചായത്തുകളിലായി നഷ്ടമായത്
കാട്ടുപന്നി ശല്യം സഹിക്കവയ്യാതെ പലസ്ഥലങ്ങളിലും കർഷകർ കൃഷിയിൽ നിന്ന് പിൻമാറുന്ന സാഹചര്യവുമുണ്ടായി
ഈ ഘട്ടത്തിലാണ് കൃഷി സംരക്ഷിക്കാനും നിലനിർത്താനും കൃഷിവകുപ്പ് സൗരവേലി പദ്ധതിയുമായി രംഗത്തെത്തിയത്
കാടുകൾ താവളമാക്കി പന്നികൾ
ചാരുംമൂട് ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ ചെറുതുംവലുതുമായ നൂറുകണക്കിന് കാവുകളുണ്ട്. ഏക്കർകണക്കിന് വലിപ്പവും വള്ളിപ്പടർപ്പുകളും കൂറ്റൻമരങ്ങളുമുൾപ്പെടുന്ന കാവുകളിലാണ് കാട്ടുപന്നികൾ കൂടുതലായി തമ്പടിച്ചിരിക്കുന്നത്. വിജനമായ റബ്ബർതോട്ടങ്ങൾ, പുഞ്ചകൾ, കുറ്രിക്കാടുകൾ എന്നിവിടങ്ങളും കാട്ടുപന്നിയുടെ താവളങ്ങളാണ്. രാത്രിയിൽ ഇവ കൂട്ടത്തോടെ കൃഷിസ്ഥലത്തും ജനവാസ മേഖലകളിലുമെത്തും.
₹54,000
ഒരു ഏക്കറിൽ സൗര വേലി സ്ഥാപിക്നുള്ള ചെലവ്
₹14,500
ഉടമയ്ക്ക് ചിലവാകുന്നത്
ചാരുംമൂട് മേഖലയിലെ കാട്ടുപന്നി ശല്യത്തിന് പരിഹാരമായി സൗരവേലിയ്ക്കായി സമർപ്പിച്ച പദ്ധതി സംസ്ഥാന കൃഷി വകുപ്പിന്റെ ടെക്നിക്കൽ വിഭാഗത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്
പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ