photo

ആലപ്പുഴ: അമ്പലപ്പുഴ, കരുവാറ്റ റെയിൽവേ സ്റ്റേഷനുകളിൽ രാത്രിയിലെത്തുന്ന യാത്രക്കാർക്ക് ഭീഷണിയായി വെളിച്ചക്കുറവ്. തീരദേശ പാതയിൽ ആലപ്പുഴയ്ക്കും ഹരിപ്പാടിനും ഇടയിലെ പ്രധാന സ്റ്റേഷനുകളാണ് അമ്പലപ്പുഴയും കരുവാറ്റയും. ഒട്ടുമിക്ക ട്രെയിനുകൾക്കും അമ്പലപ്പുഴയിൽ സ്റ്റോപ്പുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾ, അവരുടെ ബന്ധുക്കൾ, ജീവനക്കാർ, അമ്പലപ്പുഴ, തകഴി ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർ എന്നിവർക്ക് സ്റ്റേഷൻ വലിയ

ആശ്വാസമാണ്. എന്നാൽ, റെയിൽവേ സ്റ്റേഷനിൽ നിന്ന് അമ്പലപ്പുഴ- തിരുവല്ല റോഡിലെത്തണമെങ്കിൽ അരക്കിലോമീറ്റർ സഞ്ചരിക്കണം. റോഡിന്റെ ഇരുവശവും കാടുപിടിച്ചും വഴിവിളക്കുകൾ തെളിയാത്ത അവസ്ഥയിലുമാണ്.

വഴിയുടെ ഇടുവശത്തെയും കുറ്റിക്കാട് പകൽ പോലും മദ്യപസംഘത്തിന്റെ താവളമാണ്. അമ്പലപ്പുഴ പൊലീസിന്റെ പട്രോളിംഗ് സംഘവും ഇതുവഴി വരാറില്ല.

കാടുമൂടി കരുവാറ്റ

കരുവാറ്റയിൽ സ്റ്റോപ്പുള്ളത് പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ്. സന്ധ്യ കഴിഞ്ഞാൽ പ്ളാറ്റ്ഫോം പോലും ഇരുട്ടിലാകും. പ്ളാറ്റ് ഫോമിന്റെയും ട്രാക്കിന്റെയും വശങ്ങൾ കാടുമൂടിയ അവസ്ഥയിലാണ്. സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാർ 750 മീറ്റർ സഞ്ചരിച്ചുവേണം ദേശീയപാതയിലെത്താൻ. ഇരുവരെയുള്ള വഴിവിളക്കുകൾ

മിഴിയടച്ചിട്ട് മാസങ്ങളായി. സ്റ്റേഷന്റെ വടക്കുഭാഗത്ത് വലിയ വളവാണ്. തെരുവു വിളക്കോ, സിഗ്നൽ ലൈറ്റോ പ്രകാശിക്കാത്ത ഇവിടം കടന്നുകിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. പ്രദേശം ക്വട്ടേഷൻ, മയക്കുമരുന്ന് മാഫിയായുടെ താവളവുമാണ്.

സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേയും പൊലീസും നടപടി സ്വീകരിക്കണം. പ്ളാറ്റ്ഫോമിലെയും ദേശീയപാതവരെയുള്ള റോഡിലെയും വിളക്കുകൾ തെളിക്കാൻ നടപടി വേണം

- പ്രദീപ്, യാത്രക്കാരൻ, കരുവാറ്റ